രാഹുലിന്റെ സവർക്കർ പരാമർശവും ഉദ്ധവിന്റെ പിന്മാറ്റവും; പുതിയ തീരുമാനവുമായി പ്രതിപക്ഷ പാർട്ടികൾ

(www.kl14onlinenews.com)
(28-Mar-2023)

രാഹുലിന്റെ സവർക്കർ പരാമർശവും ഉദ്ധവിന്റെ പിന്മാറ്റവും; പുതിയ തീരുമാനവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വി ഡി സവർക്കർ പരാമർശത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം എതിർപ്പറിയിച്ചതിന് പിന്നാലെ പുതിയ തീരുമാനവുമായി പ്രതിപക്ഷ പാർട്ടികൾ. ഇത്തരം വെെകാരിക വിഷയങ്ങളിലെ അഭിപ്രായവുമായി ബന്ധപ്പെട്ട് സഖ്യത്തിനുളളിൽ ധാരണയുണ്ടാകണമെന്നാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലായിരുന്നു യോഗം ചേർന്നത്. കോൺഗ്രസും 17 പാർട്ടികളുടെ പ്രതിനിധികളും നയതന്ത്ര യോഗത്തിൽ പങ്കെടുത്തു. വി ഡി സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഉദ്ധവ് താക്കറെ എതിർപ്പ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. യോഗത്തിൽ ഉദ്ധവ് താക്കറെ പങ്കെടുത്തില്ല.

മാപ്പ് പറയാൻ തന്റെ പേര് സവർക്കറല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. വി ഡി സവർക്കറെ ദൈവമായാണ് താൻ കണക്കാക്കുന്നതെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നുമാണ് രാഹുലിന്റെ പരാമർശത്തിനെതിരായ ഉദ്ധവിന്റെ മറുപടി. മഹാരാഷ്ട്രയിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു ഉദ്ധവ് താക്കറേയുടെ പ്രതികരണം. 'ജനാധിപത്യം സംരക്ഷിക്കാൻ ഒരുമിച്ച് പോരാടാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾക്ക് സഹിക്കാവുന്ന കാര്യമല്ല. 14 വർഷത്തോളം ആൻഡമാനിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാകാത്ത പീഡനങ്ങളാണ്. അദ്ദേഹം ത്യാഗത്തിന്റെ രൂപമാണ്,' എന്നായിരുന്നു ഉദ്ധവ് താക്കറേയുടെ പ്രതികരണം.

മറ്റു പാർട്ടികളു​ടെ വികാരം കണക്കിലെടുക്കുമെന്ന് യോഗത്തിൽ കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും യോഗത്തിൽ പ​ങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും രംഗത്തെത്തിയിരുന്നു. ലോക്‌സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി സവർക്കർ പരാമർശം നടത്തിയത്. 'തന്റെ പേര് സവർക്കറെന്നല്ല. ഞാൻ ഒരു ഗാന്ധിയനാണ്, മാപ്പ് പറയില്ല',എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

Post a Comment

Previous Post Next Post