നാണക്കേടിന്‍റെ കൊടുമുടിയിൽ സൂര്യകുമാർ യാദവ്; തുടർച്ചയായ മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്കാകുന്ന ആദ്യ ഇന്ത്യൻ ബാറ്റർ

(www.kl14onlinenews.com)
(23-Mar-2023)

നാണക്കേടിന്‍റെ കൊടുമുടിയിൽ സൂര്യകുമാർ യാദവ്; തുടർച്ചയായ മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്കാകുന്ന ആദ്യ ഇന്ത്യൻ ബാറ്റർ
ചെന്നൈ: ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് കളികളിൽ ഗോൾഡൻ ഡക്കായ ആദ്യ ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി സൂര്യകുമാർ യാദവ്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് പുറത്താകുകയായിരുന്നു. ചെന്നൈയിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ആഷ്തൻ ആഗറാണ് സൂര്യയെ പുറത്താക്കിയത്. ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു.

ഓസീസ് ഉയർത്തിയ 270 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇന്ത്യ സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാൽ 54 റൺസെടുത്ത വിരാട് കോഹ്ലിയെ 36-ാം ഓവറിലെ ആദ്യ പന്തിൽ ആഗർ പുറത്താക്കി. തൊട്ടുപിന്നാലെ ക്രിസിലെത്തിയപ്പോഴാണ് സൂര്യ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണത്. ആഗർ എറിഞ്ഞ ഓഫ് ബ്രേക്ക് പന്ത് കട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സൂര്യയുടെ വിക്കറ്റ് തെറിച്ചത്. ഇതോടെ ഇന്ത്യ നാലിന് 185 എന്ന നിലയിൽനിന്ന് ആറിന് 185 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യകുമാർ യാദവിനെ പുറത്താക്കിയത് മിച്ചൽ സ്റ്റാർക്ക് ആയിരുന്നു. രണ്ടു തവണയും സ്റ്റാർക്കിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മത്സരങ്ങളിൽ ചില ബാറ്റർമാർ മുമ്പ് ഡക്കായി പുറത്തായിട്ടുണ്ട്. എന്നാൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഗോൾഡൻ ഡക്കായി പുറത്തായെന്ന് തേച്ചാലും മായ്ച്ചാലും മായാത്ത നാണക്കേടാണ് സൂര്യകുമാറിനെ തേടിയെത്തിയിരിക്കുന്നത്.


Post a Comment

Previous Post Next Post