'പ്രതിപക്ഷം സഭയെയും സ്പീക്കറെയും അവഹേളിക്കുന്നു'; ശക്തമായ നടപടി വേണമെന്ന് എം ബി രാജേഷ്

(www.kl14onlinenews.com)
(21-Mar-2023)

'പ്രതിപക്ഷം സഭയെയും സ്പീക്കറെയും അവഹേളിക്കുന്നു'; ശക്തമായ നടപടി വേണമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: സഭ തടസപ്പെടുത്തുന്നതിന് ബോധപൂര്‍വ്വമായ സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്ന് മന്ത്രി എം ബി രാജേഷ്. സമാന്തരസഭ പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണ്. പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ഇതിന് നേതൃത്വം നല്‍കുന്നത് ശരിയല്ല. അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പരിഗണിക്കുമോ എന്ന് കാക്കാതെ പ്രതിഷേധം ആരംഭിക്കുകയാണ് പ്രതിപക്ഷമെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.
സമാന്തര സഭാ നടത്തിപ്പില്‍ ശക്തമായ നടപടി സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കറുടെ റൂളിങിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം വെല്ലുവിളിക്കുന്നു. സഭയെയും സ്പീക്കറെയും അവഹേളിക്കുകയാണ്. റൂളിങ്ങിന്റെ നഗ്നമായ ലംഘനമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയ്ക്ക് അകത്തും പുറത്തും നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലം സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്‍, ഉമ തോമസ്, എകെഎം അഷ്‌റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. സര്‍ക്കാര്‍ ധിക്കാരപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post