വിനിഷയ്ക്ക് പിന്നാലെ കുഞ്ഞും മരിച്ചു; ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

(www.kl14onlinenews.com)
(19-Mar-2023)

വിനിഷയ്ക്ക് പിന്നാലെ കുഞ്ഞും മരിച്ചു; ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം
പാലക്കാട് കണ്ണാടിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ ഒരാഴ്ച പ്രായമുള്ള കുഞ്ഞും മരിച്ചു. അകത്തേത്തറ ധോണി സ്വദേശി വിനിഷ(30)യുടെ ആണ്‍കുഞ്ഞാണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്. കണ്ണാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മൃതദേഹം ശനിയാഴ്ച വൈകീട്ട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ 11ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിനിഷയുടെ പ്രസവം. ഇതിന് പിന്നാലെ വൈകിട്ടോടെ യുവതി മരിച്ചു. പ്രസവത്തിന് പിന്നാലെ യുവതിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞിരുന്നു. എന്നാല്‍ ഹൃദയാഘാതമാണെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതിനിടെ പ്രസവശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കണ്ണാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ കൂടുതല്‍ ചികിത്സാ സൗകര്യങ്ങളുണ്ടെന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം.

ഇതിന് പിന്നാലെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. വിനിഷയുടെ പ്രസവശേഷമാണു കുഞ്ഞിന് ആരോഗ്യ പ്രശ്‌നമുണ്ടെന്നും ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചത്. പെട്ടെന്ന് വിനിഷയ്ക്ക് അസ്വസ്ഥതയുണ്ടായി. അവസാന നിമിഷം ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞു. അതുകൊണ്ടാണ് വേറെ ആശുപത്രിയിലേക്കു മാറ്റിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

വിവാഹശേഷം ഗള്‍ഫില്‍ ചാലക്കുടി സ്വദേശിയായ ഭര്‍ത്താവ് സിജിലിനൊപ്പമായിരുന്നു താമസം. ഷാര്‍ജയില്‍ ഐ ടി എഞ്ചിനീയറായിരുന്നു വിനിഷ. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. പ്രസവത്തിനായി 2 മാസം മുന്‍പാണു വിനിഷ നാട്ടിലെത്തിയത്.

Post a Comment

Previous Post Next Post