മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി ഇന്ന്

(www.kl14onlinenews.com)
(31-Mar-2023)

മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി ഇന്ന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ലോകായുക്ത ഇന്ന് വിധി പറയും. വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പറയുന്നത്. വിധി വരുമെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് നിര്‍ണ്ണായകമാകും. വിധി എതിരായായാല്‍ മുഖ്യമന്ത്രി പദവി രാജിവയ്ക്കേണ്ടി വരും. അതുകൊണ്ട് തന്നെ ലോകായുക്ത വിധി മുഖ്യമന്ത്രിയ്ക്ക് നിർണായകമാണ്.

വിധി വൈകിയപ്പോള്‍ ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്ന കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധിയ്ക്ക് വേണ്ടി ലോകായുക്തയില്‍ തന്നെ അപേക്ഷ നല്‍കാനാണ് ശശികുമാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശശികുമാര്‍ വീണ്ടും ലോകായുക്തയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച ഈ പരാതി പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. വെള്ളിയാഴ്ച ലോകായുക്ത വിധി വരും എന്നാണ് സൂചന.

ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസിലാണ് വിധി. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ. കെകെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി.

Post a Comment

Previous Post Next Post