വനിതാ ഡോക്ടറെ കുത്തിക്കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

(www.kl14onlinenews.com)
(10-Mar-2023)

വനിതാ ഡോക്ടറെ കുത്തിക്കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ജമ്മുവില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദമ്പതികള്‍ പരസ്പരം വഴക്കിടുകയും ഇതില്‍ പ്രകോപിതനായ യുവാവ് അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയുമായിരുന്നു. അതേ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഇപ്പോള്‍ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജമ്മുവിലെ തല്ലാബ് തിലോയില്‍ താമസിക്കുന്ന ഡോക്ടര്‍ സുമേധ ശര്‍മ്മയാണ് മരണപ്പെട്ടത്. പാംപോഷ് കോളനിയില്‍ താമസിക്കുന്ന ജോഹര്‍ ഗനായ് യാണ് പ്രതി.

വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ജോഹര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതായി പ്രതിയുടെ ബന്ധു പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പൊലീസ് ജമ്മുവിലെ ജാനിപൂരിലുള്ള ജോഹറിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പൂട്ട് പൊളിച്ചാണ് പൊലീസ് വീടിനുള്ളില്‍ കയറിയത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സുമേധയെ കണ്ടെത്തിയത്. പ്രതിയുടെ വയറിനും പരിക്കേറ്റിരുന്നു. പൊലീസ് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുമേധയെ രക്ഷിക്കാനായില്ല. എന്നാല്‍ പ്രതിയുടെ നില അതീവഗുരുതരമാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയും ഇരയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും അവര്‍ ജമ്മുവിലെ ഡെന്റല്‍ കോളേജില്‍ ഒന്നിച്ച് പഠിച്ചിരുന്നെന്നും വൃത്തങ്ങള്‍ അറിയിച്ചു. സുമേധ പിന്നീട് എംഡിഎസ് പഠിക്കാന്‍ ജമ്മുവില്‍ നിന്ന് മാറി. മാര്‍ച്ച് 7 ന് ഹോളിയുടെ അവധിയ്ക്ക് വീട്ടില്‍ വന്ന
യുവതി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. അവിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും പ്രതി യുവതിയെ കുത്തുകയുമായിരുന്നു. സംഭവത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.


Post a Comment

Previous Post Next Post