ഓട്ടോഡ്രൈവറുടെ ഒറ്റ കോളിലൂടെ ഇല്ലാതായത് കൂട്ടആത്മഹത്യ

(www.kl14onlinenews.com)
(10-Mar-2023)

ഓട്ടോഡ്രൈവറുടെ ഒറ്റ കോളിലൂടെ ഇല്ലാതായത് കൂട്ടആത്മഹത്യ
കാസര്‍കോട് :പിലിക്കോട് ഓട്ടോറിക്ഷാ ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് മൂന്ന് ജീവനുകള്‍. ആത്മഹത്യ ചെയ്യാനായി രണ്ട് മക്കളെയും കൂട്ടിയെത്തിയ 30കാരിയെ കുറിച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയില്‍ കയറിയാണ് ഇവര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമെത്തിയത്. എന്നാല്‍ മക്കളെയും കൂട്ടി യുവതി ടിക്കറ്റ് കൗണ്ടറിന് എതിര്‍ ദിശയിലേക്ക് നടന്നത് കണ്ട് സംശയം തോന്നിയ ഡ്രൈവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും കുടുംബ പ്രശ്‌നങ്ങളും കാരണമാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് വിവരമുണ്ട്. ബുധനാഴ്ച രാത്രി എട്ടരയ്ക്ക് ശേഷമാണ് സംഭവം.

മൂവരെയും ഓട്ടോയില്‍ നിന്ന് ഇറക്കിയ ശേഷം ഡ്രൈവര്‍ 112ല്‍ വിളിച്ച് സഹായം തേടുകയായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ ഒരമ്മയും രണ്ട് കുട്ടികളും കരഞ്ഞുകൊണ്ട് നടക്കുന്നുണ്ടെന്നും പെട്ടെന്ന് ഇടപെടണമെന്നുമാണ് ഡ്രൈവര്‍ പറഞ്ഞത്. പിന്നാലെ ചന്തേര പൊലീസ് സ്റ്റേഷനില്‍ നിന്ന് ഡ്രൈവറെ തിരിച്ചുവിളിച്ചു. തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് അമ്മയും മക്കളും ഓട്ടോയില്‍ കയറിയതെന്നും യൂണിഫോം അണിഞ്ഞ കുട്ടികളുടെ പക്കല്‍ സ്‌കൂള്‍ ബാഗുകളുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ അറിയിച്ചു. എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ ട്രെയിനില്‍ പോകണമെന്ന് മാത്രമായിരുന്നു മറുപടി. സ്റ്റേഷന് സമീപത്തെ ഗ്രൗണ്ടിനടുത്താണ് ഇവര്‍ ഇറങ്ങിയത്. ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് പോകാതെ ഇവര്‍ എതിര്‍ ദിശയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ ആത്മഹത്യയാണോ ലക്ഷ്യമെന്ന് ഭയന്നു. അതാണ് പൊലീസില്‍ അറിയിക്കാന്‍ കാരണമായത്.

വിവരം ലഭിച്ചുടന്‍ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. അതേസമയം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്‌പെക്ടറും സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന സംഘവും വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരം അനുസരിച്ച് റെയില്‍പാളത്തിലൂടെ നടന്ന് തിരച്ചില്‍ നടത്തി. ഇതിനിടെ പാളത്തിലൂടെ നടക്കുകയായിരുന്ന മൂവരെയും പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി ഇവരെ പാളത്തില്‍ നിന്ന് മാറ്റി അനുനയിപ്പിക്കുമ്പോള്‍ ട്രെയിന്‍ കടന്നുപോയി. മക്കളെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു യുവതി.

Post a Comment

Previous Post Next Post