‘രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം തെരുവിൽ പ്രതിഷേധിക്കും’; എംവി ഗോവിന്ദൻ

(www.kl14onlinenews.com)
(25-Mar-2023)

‘രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം തെരുവിൽ പ്രതിഷേധിക്കും’; എംവി ഗോവിന്ദൻ

ഡൽഹി: രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ചതിനെത്തുടർന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പു നടന്നാൽ ഇടതുപക്ഷം മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി തെരുവിൽ പ്രതിഷേധിക്കാൻ സിപിഎമ്മും ഉണ്ടാവുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ‘ഇപ്പോഴുണ്ടായ കോടതി വിധി അന്തിമമല്ല. തങ്ങൾക്ക് ആരെയും കൈകാര്യം ചെയ്യാൻ അധികാരമുണ്ട് എന്ന ബോധപൂർവമായ ഇടപെടലാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ കേൾക്കേണ്ടതില്ലെന്ന നിലപാടാണ് ബിജെപി എടുക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിപക്ഷ പാർട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കും.’- എം.വി. ഗോവിന്ദൻ പറഞ്ഞു.

നേരത്തെ രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ എംവി ഗോവിന്ദൻ പ്രതിഷേധം അറിയിച്ചിരുന്നു.

കുറിപ്പ്:

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളിൽ തളയ്ക്കപ്പെടാൻ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാൻ ശക്തമായ പ്രതിരോധമുയർത്തണം. ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സർക്കാർ.
പ്രതിപക്ഷ പാർട്ടികളെ ഏതു വിധേയനെയും നിശബ്ദമാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബിജെപി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് . ഇത്തരം സ്വേച്ഛാധിപത്യ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയർന്നു വരണം.
Post a Comment

Previous Post Next Post