‘പ്രധാനമന്ത്രി ഭീരുവും അഹങ്കാരിയും’; മോദിക്കെതിരെ പ്രിയങ്ക

(www.kl14onlinenews.com)
(26-Mar-2023)

‘പ്രധാനമന്ത്രി ഭീരുവും അഹങ്കാരിയും’; മോദിക്കെതിരെ പ്രിയങ്ക

ഡൽഹി : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനെതിരെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അധികാരത്തിന് പിന്നിൽ ഒളിച്ചിരിക്കുകയാണ്, അഹങ്കാരിയും ഭീരുവുമാണ് രാജ്യത്തിൻറെ പ്രധാനമന്ത്രിയെന്നും പ്രിയങ്ക തുറന്നടിച്ചു. ദില്ലിയിൽ രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സങ്കൽപ് സത്യാഗ്രഹത്തിൽ സംസാരിക്കെവെയാണ് പ്രിയങ്ക മോദിക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.

‘നരേന്ദ്ര മോദിയുടെ വിമർശിച്ചതിൻറെ പേരിൽ എന്നിക്കെതിരെയും കേസെടുക്കാം, ജയിലിലേക്ക് അയക്കാം. പക്ഷേ രാജ്യത്തിൻറെ പ്രധാനമന്ത്രി ഒരു ഭീരുവാണ് എന്നതാണ് സത്യം’. അഹങ്കാരിയായ ഭരണധികാരിയെ ജനം വച്ചുപൊറുപ്പിക്കില്ല, അതാണ് നമ്മുടെ രാജ്യത്തിൻറെ പാരമ്പര്യം. ബിജെപിയും മോദിയും ഒരാളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അദാനിക്ക് നിങ്ങൾ രാജ്യത്തിന്റെ മുഴുവൻ സമ്പത്തും നൽകുന്നത് എന്തിനാണ്?, അദാനിയുടെ പേര് കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രാന്തരാകുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു.

പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പാർലമെൻറിൽ ചോദിച്ചത്, അതിന് ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രി അധികാരമുപയോഗിച്ച് അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നയാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും എട്ടുകൊല്ലം അയോഗ്യനാക്കുന്നത് രാജ്യത്തിനും ജനാധിപത്യത്തിനും ഭൂഷണമല്ല.

രാഹുൽ രാജ്യത്തെയും, പിന്നാക്ക വിഭാഗത്തെയും അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. ഹാർവാർഡിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച് അപമാനിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ് അവർ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതെന്ന് ഓർമ്മിക്കണം. രക്തസാക്ഷിയായ പിതാവിനെ പലതവണ പാർലമെന്റിൽ അപമാനിച്ചു. അവർക്കെതിരെയൊന്നും മാനനഷ്ടത്തിന് കേസെടുത്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Post a Comment

Previous Post Next Post