രണ്ട് ജീവനെടുത്ത് ഓവര്‍ടേക്കിങ്, അശ്രദ്ധ സമ്മതിച്ച് കെഎസ്ആര്‍ടിസി; വിദ്യാര്‍ഥികളുടെ മരണത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

(www.kl14onlinenews.com)
(03-Mar-2023)

രണ്ട് ജീവനെടുത്ത് ഓവര്‍ടേക്കിങ്, അശ്രദ്ധ സമ്മതിച്ച് കെഎസ്ആര്‍ടിസി;
വിദ്യാര്‍ഥികളുടെ മരണത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
L
കൊല്ലം ചടയമംഗലത്ത് രണ്ട് കോളേജ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. അശ്രദ്ധമായി ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഫെബ്രുവരി 28ന് രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽവെച്ചാണ് അപകടമുണ്ടായത്. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവർ സഞ്ചരിച്ച ബുള്ളറ്റിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടുകയായിരുന്നു. ഓവർട്ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെൺകുട്ടിയുടെ തലയിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി.

ശിഖ സംഭവ സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടെങ്കിലും പരിക്കേറ്റ് അവശനിലയിലായ അഭിജിത്ത് ഏകദേശം അര മണിക്കൂറോളം റോഡിൽ കിടന്നുവെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർത്ഥിയെ രക്ഷപ്പെടുത്താൻ ഈ സമയം ആരും മുന്നോട്ടു വന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ പലരും തങ്ങളുടെ മൊബെെലിൽ അപകടത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

ഏകദേശം 20 മിനിട്ടിനു ശേഷം ഉദയകുമാർ എന്ന പ്രദേശവാസിയാണ് അപകടത്തിൽപ്പെട്ട അഭിജിത്തിന് സഹായവുമായി എത്തിയത്. തൻ്റെ സുഹൃത്തിനെ പോയി വിളിച്ചുകൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി അഭിജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം വെെകിപ്പോയിരുന്നു.

പുനലൂർ ഐക്കരക്കോണം സ്വദേശിയായ അഭിജിത്ത് പത്തനംതിട്ട മുസ്ലിയാർ കോളേജിലെ ബിബിഎ വിദ്യാർത്ഥിയായിരുന്നു. ശിഖ തട്ടത്തുമല വിദ്യ ആർട്സ് ആൻഡ് സയൻസ് ടെക്നോളജിയിലെ രണ്ടാംവർഷ എൻജിനിയറിങ്ങ് വിദ്യാർത്ഥിനിയുമാണ്. ഇരുവരും സുഹൃത്തുക്കളാണ്. അപകടമുണ്ടാക്കിയ ചടയമംഗലം ഡിപ്പോയിലെ ബസ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.

എംസി റോഡിൽ ബസുകളുടെ അമിത വേഗത സംബന്ധിച്ച പരാതികൾ നേരത്തേയും ഉയർന്നിട്ടുണ്ട്. കൊട്ടാരക്കര മുതൽ വെഞ്ഞാറമുട് വരെയുള്ള എംസി റോഡിൻ്റെ ഭാഗത്ത് ബസുകൾക്ക് അമിത വേഗതയാണെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് പൊതുവേ കെഎസ്ആർടിസി ബസുകൾക്ക് ഇരയായി മാറിക്കൊണ്ടിരിക്കുന്നത്.

Post a Comment

Previous Post Next Post