മരണസംഖ്യ 9500ന് അരികിലെത്തി; തുർക്കി പ്രസിഡന്‍റ് എർദോഗൻ ദുരന്തമേഖലകൾ സന്ദർശിക്കും

(www.kl14onlinenews.com)
(08-FEB-2023)

മരണസംഖ്യ 9500ന് അരികിലെത്തി; തുർക്കി പ്രസിഡന്‍റ് എർദോഗൻ ദുരന്തമേഖലകൾ സന്ദർശിക്കും

ഇസ്താംബുൾ: തെക്കൻ തുർക്കിയിലും സിറിയയിലുമായി തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 9400 കടന്നു. തുർക്കിയിൽ 6,900-ലധികം പേർ മരിക്കുകയും 37,011-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സിറിയയിൽ മരണസംഖ്യ 2,400 കവിഞ്ഞു. അതിനിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഭൂകമ്പം നാശം വിതച്ച പസാർകാക്, ഹതായ് എന്നിവിടങ്ങൾ സന്ദർശിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ലെന്നും ഭൂകമ്പത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കുകയാണെന്നും ബിബിസിയുടെ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിൽ അടുത്ത മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഹതായിലും മറ്റും ദുരിതാശ്വാസപ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭൂകമ്പമുണ്ടായി ആദ്യ 12 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് ആരും എത്തിയില്ലെന്നും, അതിനാൽ തങ്ങൾ സ്വയം രക്ഷാപ്രവർത്തനം നടത്താൻ നിർബന്ധിതരാവുകയായിരുന്നുവെന്നും ജനങ്ങൾ പറഞ്ഞു.

ഭൂകമ്പത്തെത്തുടർന്ന് വൻതോതിലുള്ള വിറ്റഴിക്കലിന് ടർക്കിഷ് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഇതോടെ 24 വർഷത്തിന് ശേഷം ടർക്കിഷ് ഓഹരി വിപണി ആദ്യമായി വ്യാപാരം നിർത്തിവച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.


Post a Comment

Previous Post Next Post