അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസിക്ക് കൈവന്നത് 51 കോടിയുടെ ഭാഗ്യം

(www.kl14onlinenews.com)
(04-FEB-2023)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസിക്ക് കൈവന്നത് 51 കോടിയുടെ ഭാഗ്യം
അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.3 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഖത്തറിലെ പ്രവാസിക്ക്. നേപ്പാള്‍ സ്വദേശിയായ രഞ്ജിത്ത് കുമാര്‍ പാല്‍ ആണ് ഇത്തവണത്തെ ഗ്രാന്റ് പ്രൈസിന് അര്‍ഹനായത്. ജനുവരി 16ന് ഓണ്‍ലൈന്‍ വഴി എടുത്ത 232936 നമ്പര്‍ ടിക്കറ്റിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി ജീവിതം മാറിമറിയുന്ന ഭാഗ്യം രഞ്ജിത്ത് കുമാറിനെ തേടിയെത്തിയത്.

ബിഗ് ടിക്കറ്റിന്റെ 'ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ' എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്തപ്പോള്‍ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിലൂടെയാണ് രഞ്ജിത്തിന് ഒന്നാം സമ്മാനം ലഭിച്ചത്. കോടീശ്വരനായ വിവരം നേരിട്ട് അറിയിക്കാന്‍ നറുക്കെടുപ്പ് വേദിയില്‍ വച്ച് അവതാരകര്‍ അദ്ദേഹത്തെ രണ്ട് തവണ വിളിച്ചെങ്കിലും ഫോണ്‍ അന്‍ഗേജ്ഡ് ആയിരുന്നതിനാല്‍ കോള്‍ കിട്ടിയില്ല. വെള്ളിയാഴ്ച നടന്ന 248-ാം സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസ് ഒഴികെയുള്ള മറ്റ് മൂന്ന് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കായിരുന്നു. ഡ്രീം കാര്‍ നറുക്കെടുപ്പിലും വിജയിയായത് ഇന്ത്യക്കാരന്‍ തന്നെ.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിര്‍ഹം 017959 എന്ന നമ്പറിലൂടെ വിജേഷ് വിശ്വനാഥന് ലഭിച്ചു. ഓണ്‍ലൈനായാണ് അദ്ദേഹവും ടിക്കറ്റെടുത്തിരുന്നത്. 240229 എന്ന നമ്പറിലൂടെ ഷിബു മാത്യുവാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കിയത്. ഓണ്‍ലൈനിലൂടെയാണ് അദ്ദേഹവും ടിക്കറ്റെടുത്തത്. ഇന്ത്യക്കാരനായ അജിത് രാമചന്ദ്ര കൈമളിന് 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം ലഭിച്ചു. ഓണ്‍ലൈനായി തന്നെ എടുത്ത 254167 എന്ന നമ്പറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിന്റെ എട്ടാം സീരിസില്‍ റേഞ്ച് റോവര്‍ കാറിന് അര്‍ഹനായത് സുമന്‍ മുത്തയ്യ എന്ന ഇന്ത്യക്കാരനാണ്. 013726 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം കൈവന്നത്.

മാര്‍ച്ച് മൂന്നാം തീയ്യതിയാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ്. ഗ്രാന്റ് പ്രൈസ് നേടുന്നയാളിന് അന്ന് 1.5 കോടി ദിര്‍ഹം സ്വന്തമാക്കാം. പത്ത് ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവം ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും അന്‍പതിനായിരം ദിര്‍ഹത്തിന്റെ നാലാം സമ്മാനവും അന്ന് വിജയികളെ കാത്തിരിക്കുന്നു. ഡ്രീം കാര്‍ സീരിസില്‍ മസെറാട്ടി ഗിബ്ലിയാണ് സമ്മാനം. ഇതിന് പുറമെ ഓരോ ആഴ്ചയും നടക്കുന്ന പ്രതിവാര നറുക്കെടുപ്പുകളില്‍ 3 വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും സ്വന്തമാക്കാന്‍ അവസരമുണ്ട്.

Post a Comment

Previous Post Next Post