'ചിന്ത ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചത് സ്റ്റാര്‍ ഹോട്ടലില്‍, ബില്ലടച്ചത് 38 ലക്ഷം'; ഇ.ഡിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

(www.kl14onlinenews.com)
(07-FEB-2023

'ചിന്ത ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചത് സ്റ്റാര്‍ ഹോട്ടലില്‍, ബില്ലടച്ചത് 38 ലക്ഷം'; ഇ.ഡിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തില്‍. കൊല്ലത്തെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും ബില്ലായി 38 ലക്ഷം രൂപ നല്‍കിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നല്‍കി.

തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ മൂന്ന് മുറികളുള്ള അപാര്‍ട്ട്‌മെന്റിലായിരുന്നു ചിന്ത താമസിച്ചിരുന്നതെന്നും ഇവിടെ പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് വാടകയെന്നും പരാതിയില്‍ പറയുന്നു. ഒന്നേമുക്കാല്‍ വര്‍ഷം ഇവിടെ താമസിച്ച ചിന്ത 38 ലക്ഷത്തോളം രൂപ ഹോട്ടലിന് നല്‍കി. എന്നാല്‍ അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായാണ് ഹോട്ടലില്‍ താമസിച്ചതെന്ന വിശദീകരണം ചിന്ത നല്‍കിയിട്ടുണ്ട്.

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലെ വിവാദങ്ങൾ കെട്ടടുങ്ങിയിട്ടില്ല. ലഭിച്ച പരാതികളില്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടിരുന്നു. വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി.

വിവാദവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിക്ക് ഗവര്‍ണര്‍ കൈമാറും. അതേസമയം, ഗവേഷണ പ്രബന്ധത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്താ ജെറോം രംഗത്ത് വന്നിരുന്നു. നോട്ടപ്പിശകിനെ പര്‍വതീകരിച്ചുള്ള വിവാദമാണ് ഉണ്ടായതെന്നും തെറ്റുതിരുത്തി പ്രബന്ധം പുസ്‌തകമാക്കി ഇറക്കുമെന്നും ചിന്ത മാധ്യമങ്ങളോട് പ്രതികരിച്ചു. പിശക് ചൂണ്ടിക്കാട്ടിയവർക്കും വിമർശിച്ചവർക്കും നന്ദിയുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു. സംഭവിച്ചത് സാന്ദർഭികമായ പിഴവാണ്. മനുഷ്യ സഹജമായ തെറ്റാണതെന്നും പുസ്തക രൂപത്തിലാക്കുമ്പോൾ പിശക് തിരത്തുമെന്നും ചിന്ത പറഞ്ഞു. ഒരു വരിപോലും മറ്റൊരിടത്ത് നിന്നും പകർത്തിയെഴുതിയിട്ടില്ലെന്നും ചില ലോഖനങ്ങളുടെ ആശയം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും ചിന്ത ജെറോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുകളുമായോ ബന്ധമുള്ളതല്ല. സാന്ദർഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാട്ടിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി. തെറ്റിനെ പർവ്വതീകരിച്ചു കൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യകളും കഴിഞ്ഞ ദിവസം നേരിട്ടു' ചിന്ത പറഞ്ഞു.

പ്രബന്ധത്തിലെ കോപ്പിയടി ആരോപണത്തോടും ചിന്ത പ്രതികരിച്ചു. ഒരു ലേഖനത്തിൽ നിന്നും മോഷണം ഉണ്ടായിട്ടില്ലെന്നും ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇത് റഫറൻസിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമൺസിൽ നിന്ന് ഉൾപ്പെടെ നിരവധി ആർട്ടിക്കിളുകൾ വായിച്ചാണ് പ്രബന്ധം പൂർത്തീകരിച്ചത്. ഒരു വാക്യം പോലും പകർത്തിയിട്ടില്ലെന്നും ചിന്ത വ്യക്തമാക്കി.


Post a Comment

Previous Post Next Post