അധിക ചെലവ്; യൂണിറ്റിന് 30 പൈസ സര്‍ചാര്‍ജ് പിരിക്കാന്‍ വൈദ്യുതി ബോര്‍ഡ്

(www.kl14onlinenews.com)
(09-FEB-2023)

അധിക ചെലവ്; യൂണിറ്റിന് 30 പൈസ സര്‍ചാര്‍ജ് പിരിക്കാന്‍ വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം: യൂണിറ്റിന് 30 പൈസ വീതം സര്‍ചാര്‍ജ് പിരിച്ചുനല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ്. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിന് ചെലവഴിച്ച തുകയാണ് ഉപയോക്താക്കളില്‍ നിന്നും പിരിച്ചുനല്‍കണമെന്ന് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തില്‍ 87.07 കോടി രൂപയാണ് ബോര്‍ഡിന് ചെലവായത്. ഇത് പിരിച്ചെടുക്കാന്‍ ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ചുമത്തിയ ഒമ്പത് പൈസ സര്‍ചാര്‍ജ് പിരിച്ചുകൊണ്ടിരിക്കുകയാണ്.

ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ വൈദ്യുതി വാങ്ങിയതിന് 187 കോടി രൂപ അധികം ചെലവഴിച്ചു എന്നാണ് ബോര്‍ഡിന്റെ കണക്ക്. ഇതു സംബന്ധിച്ച് കമ്മീഷന്‍ ഹിയറിംഗ് നടത്തുമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുകയും അതിന്റെ സര്‍ചാര്‍ജും ബോര്‍ഡ് പിരിച്ചിട്ടില്ല. അത് 30 പൈസയേക്കാള്‍ കൂടുതല്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് വില കൂടുന്നതിനാല്‍ ഇനിയുള്ള മാസങ്ങളില്‍ സര്‍ചാര്‍ജ് വീണ്ടും വര്‍ധിക്കാനാണ് സാധ്യത.

Post a Comment

أحدث أقدم