ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും; മരണം 2,400 കവിഞ്ഞു, മരണസംഖ്യ ഇനിയും ഉയരും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

(www.kl14onlinenews.com)
(06-FEB-2023)

ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും; മരണം 2,400 കവിഞ്ഞു,
മരണസംഖ്യ ഇനിയും ഉയരും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഭൂകമ്പത്തില്‍ വിറങ്ങലിച്ചിരിക്കുന്ന തുര്‍ക്കിയില്‍ ദുരന്തം വിതച്ച് രണ്ടാമതും ഭൂചലനം. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 2400 ലധികം ആളുകള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌. 5,380 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 2818 കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതുവരെ 2470 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന് ശേഷം ഏകദേശം 12 മണിക്കൂറിന് ശേഷം, വൈകുന്നേരത്തോടെയാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തര യോഗം ചേര്‍ന്ന് ഭൂകമ്പബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 4.15ഓടെയാണ് തുര്‍ക്കിയില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗാസിയാന്‍ടെപ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും ഭൂകമ്പം വന്‍ നാശം വിതച്ചു. ഭൂകമ്പത്തില്‍ അംബരചുംബികളായ നിരവധി കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. വന്‍തോതില്‍ നാശനഷ്ടമുണ്ടായ പല നഗരങ്ങളിലും രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

1999ല്‍ തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 18000 പേര്‍ മരിച്ചു

തുര്‍ക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇവിടെ ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണ്. 1999ല്‍ ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ 18000 പേര്‍ മരണപ്പെട്ടിരുന്നു. 2011 ഒക്ടോബറിലുണ്ടായ ഭൂകമ്പത്തില്‍ 600-ലധികം പേര്‍ മരണപ്പെട്ടു. 

തുര്‍ക്കി ഭൂചലനം ; രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാന്‍ ഇന്ത്യ
 

India to dispatch rescue teams : ഭൂചലനത്തില്‍ ദുരിതം പേറുന്ന തുര്‍ക്കിയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും വൈദ്യസഹായവുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാനാണ് തീരുമാനം. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ ഇതിനോടംകം 1200 ലധികം പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും ദുരന്ത ബാധിത രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുന്നത്. 

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാന്‍ തീരുമാനമായത്. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും അവശ്യ ഉപകരണങ്ങളുമുള്‍പ്പെടെ 100 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അവശ്യ മരുന്നുകളുമായി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സംഘത്തിന്റെയും മെഡിക്കല്‍ ടീമുകളും തയ്യാറാണ്.

റിപ്പബ്ലിക് ഓഫ് ടര്‍ക്കിയെ സര്‍ക്കാരും അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താംബൂളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ അയയ്ക്കുമെന്നും പിഎംഒ അറിയിച്ചു.

ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
തുര്‍ക്കിക്ക് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. 'തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ഉണ്ടായ ജീവഹാനിയിലും സ്വത്തു നാശത്തിലും വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. തുര്‍ക്കിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ ദുരന്തത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്', മോദി ട്വീറ്റ് ചെയ്തു.


Post a Comment

Previous Post Next Post