തുർക്കി, സിറിയ ഭൂകമ്പം; മരണസംഖ്യ 21,000 കടന്നു, ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎൻ


(www.kl14onlinenews.com)
(10-FEB-2023)

തുർക്കി, സിറിയ ഭൂകമ്പം; മരണസംഖ്യ 21,000 കടന്നു, ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎൻ
തുർക്കിയിലും സിറിയയിലും തിങ്കളാഴ്‌ച ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 21,051 ആയി. ലക്ഷക്കണക്കിന് ഭവനരഹിതരായ ആളുകൾ തണുപ്പും, പട്ടിണിയും മൂലം വലയുകയാണ് തുർക്കിയിൽ. 1999ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ സമാനമായ ഭൂകമ്പത്തിന്റെ ഫലമായി 17,000 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ഇതിനെ മറികടന്നിരിക്കുകയാണ് വ്യാപ്‌തിയിലും, മരണസംഖ്യയിലും ഈയാഴ്‌ച ഉണ്ടായ ഭൂകമ്പം.

തുർക്കിയിലെ ബൊഗാസിസി യൂണിവേഴ്‌സിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനിടയിലും ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി രാജ്യങ്ങൾ സഹായ ഹസ്‌തവുമായി എത്തി കൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ഭൂകമ്പബാധിതർക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. "ഞാൻ സിറിയയിലേക്കുള്ള യാത്രയിലാണ്, ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ ലോകാരോഗ്യ സംഘടന അവശ്യ ആരോഗ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്നു, രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ദീർഘകാല പ്രവർത്തനത്തെ ശക്തിപ്പെടുത്തും" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Post a Comment

Previous Post Next Post