കാസർകോട് ഗവ.കോളജ്: മുൻ പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകൾ

(www.kl14onlinenews.com)
(27-FEB-2023)

കാസർകോട് ഗവ.കോളജ്: മുൻ പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകൾ
കാസർകോട്:
ഗവ.കോളജ് ലൈംഗിക അരാജകത്വത്തിന്റെയും ലഹരി മരുന്നിന്റെയും കേന്ദ്രമാണെന്നും കോളജിലെ പ്രശ്നക്കാർ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന സംവരണ വിഭാഗത്തിലെ വിദ്യാർഥികളാണെന്നുമുള്ള ഗൗരവതരവും, അവാസ്തവവുമായ അഭിപ്രായ പ്രകടനങ്ങളാണ് മുൻ പ്രിൻസിപ്പൽ നടത്തിയതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു.

വലിയ വിമർശനങ്ങൾ ഉയർന്നുവന്ന ഘട്ടത്തിൽ വീണ്ടും അടുത്ത അടവുമായി രംഗത്ത് വന്നിരിക്കുകയാണെന്നും താൻ ഉദ്ദേശിച്ച കാര്യങ്ങൾ അല്ല പ്രചരിക്കുന്നത് എന്നും എസ്എഫ്ഐ കാര്യങ്ങളെ വളച്ചൊടിക്കുന്നു എന്നും പരസ്യമായി മാപ്പ് പറയുന്നു എന്നും നിലപാട് മയപ്പെടുത്തി വിവാദങ്ങളിൽ നിന്ന് തലയൂരാൻ മുൻ പ്രിൻസിപ്പലിന്റെ പുതിയ നീക്കമെന്നു ഇവർ ആരോപിച്ചു.


അങ്ങനെ മാപ്പ് പറഞ്ഞ് തലയൂരാൻ പറ്റുന്ന വിഷയമല്ല ഇത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളീയ പൊതുസമൂഹത്തിന് മുന്നിൽ വസ്തുതാ വിരുദ്ധമായി ഒരു അധ്യാപികയ്ക്ക് നിരക്കാത്ത നിലയിൽ പച്ചക്കള്ളങ്ങൾ ആവർത്തിച്ച് കോളജിനെയും അവിടുത്തെ വിദ്യാർഥികളെയും അധിക്ഷേപിച്ച മുൻ പ്രിൻസിപ്പലിനെ കൊണ്ട് ഓരോന്നിനും മറുപടി പറയിപ്പിക്കും.

വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ തെളിവുകൾ പുറത്ത് വിടാൻ വെല്ലുവിളിക്കുകയാണ്. കേരളം പോലുള്ള പുരോഗമന സമൂഹത്തിൽ ഒരു പ്രിൻസിപ്പൽ ആയി മാത്രമല്ല അധ്യാപികയായി പോലും ഇരിക്കാൻ യോഗ്യതയില്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും വരെ എസ്എഫ്ഐ ശക്തമായി സമരരംഗത്തുണ്ടാകുമെന്നും ഇന്ന് ജില്ലയിലെ ക്യാംപസുകളിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം.ടി സിദ്ധാർഥ്, സെക്രട്ടറി ബിപിൻരാജ് പായം എന്നിവർ അറിയിച്ചു.

പ്രതിഷേധിച്ച് എകെജിസിടി

കാസർകോട് ∙ ഗവ.കോളജിൽ വിദ്യാർഥികളുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർഥികളെയും അധ്യാപകരെയും അനധ്യാപകരെയും മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന മുൻ പ്രിൻസിപ്പലിന്റെ നടപടിയിൽ എകെജിസിടി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിന്  വിദ്യാർഥികളെ വംശീയമായി അധിക്ഷേപിക്കുകയും പ്രശ്നങ്ങൾ ജനാധിപത്യപരമായി പരിഹരിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന പ്രിൻസിപ്പൽ കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും  വിദ്യാർഥികൾ ഉന്നയിച്ച കുടിവെള്ളം ഉൾപ്പെടെയുള്ള  പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ എത്രയും വേഗം അധികൃതർ തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

‘കർശന നടപടി വേണം’

കാസർകോട്∙ കുടിവെള്ള മാലിന്യപ്രശ്നത്തിന്റെ പരിഹാരം തേടി സമരം ചെയ്ത വിദ്യാർഥികളെ സംസ്കാര ശൂന്യമായ ഭാഷയിൽ അധിക്ഷേപിച്ച കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പലിനെതിരെ കർശന നടപടി വേണമെന്ന്  പുരോഗമന കലാ സാഹിത്യ സംഘം  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ലിംഗഭേദത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ എല്ലാം നവീകരിക്കപ്പെട്ട കാലത്ത് വിദ്യാർഥികളെ വിഭജിച്ച് സദാചാരക്കണ്ണുകളോടെ നോക്കുന്ന അധ്യാപകർ  ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് നമ്മുടെ നാടിന് തന്നെ അപമാനമാണ്. സംവരണാവകാശം സംരക്ഷിക്കാൻ രാജ്യത്തെ പല സർവകലാശാലകളിലും പ്രക്ഷോഭങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.

സംവരണം നേടി വന്ന വിദ്യാർഥികളാണ്   പ്രശ്നക്കാരെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരുടെ  മനോനില  യഥാർഥത്തിൽ  സവർണതയുടെ ചളിക്കുണ്ടിലാണ് ആണ്ടുകിടക്കുന്നതെന്നും കാസർകോടിന്റെ സവിശേഷമായ വൈവിധ്യങ്ങളെ നിലനിർത്തുന്നതിൽ കാസർകോട് കോളജ് വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതെല്ലാം തകർത്ത് നാട് വലിച്ചെറിഞ്ഞ ഫ്യൂഡൽ ബോധങ്ങൾ വിദ്യാർഥികളിലും പൊതുസമൂഹത്തിലും വീണ്ടും അടിച്ചേൽപിക്കാൻ ആര് ശ്രമിച്ചാലും അതിനെ പ്രതിരോധിക്കാൻ പുരോഗമന സാംസ്കാരിക പ്രവർത്തകർ മുൻനിരയിലുണ്ടാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ജില്ലാ കമ്മിറ്റി യോഗത്തിൽ അജയൻ പനയാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത്, പ്രസിഡന്റ് സി.എം വിനയചന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ കൊടക്കാട്, എൻ രവീന്ദ്രൻ, അനീഷ് വെങ്ങാട്ട്, കെ എൻ മനോജ് കുമാർ, ഡോ.കെ.വി സജീവൻ, ഡോ.എൻ.പി വിജയൻ, കെ എം സുധാകരൻ, ബി.കെ.സുകുമാരൻ , കെ. എം. ബാലകൃഷ്ണൻ, പി.വിനയകുമാർ, പ്രശാന്ത് പായം, എം.പി ശ്രീമണി, സി.കെ.സബിത, കെ.വി.ശോഭന എന്നിവർ പ്രസംഗിച്ചു.

   

Post a Comment

Previous Post Next Post