മൂന്ന് വയസുകാരിയെ മർദ്ദിച്ച സംഭവം: മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ

(www.kl14onlinenews.com)
(02-FEB-2023)

മൂന്ന് വയസുകാരിയെ മർദ്ദിച്ച സംഭവം: മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ

വര്‍ക്കലയില്‍ അംഗനവാടിയില്‍ പോകാന്‍ മടികാണിച്ചതിന് മൂന്ന് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമെ കരുതിക്കൂട്ടിയുള്ള മർദ്ദനം, ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഒരു വലിയ വടി ഉപയോഗിച്ചാണ് കുട്ടിയെ മുത്തശ്ശി പൊതിരെ തല്ലിയത്. വെട്ടൂര്‍ സ്വദേശി സരസമ്മയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. കുട്ടിയുടെ പിതാവിനെ നേരത്തെ തന്നെ പൊലീസ് കസറ്റഡിയിലെടുത്തിരുന്നു.

വര്‍ക്കല കല്ലുമലക്കുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അംഗനവാടിയില്‍ പോകാന്‍ വയ്യെന്ന് കുട്ടി പറഞ്ഞതോടെ മുത്തശ്ശി വീടിന് പുറത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് നിലവിളിച്ച കുട്ടി അംഗനവാടിയില്‍ പോകാമെന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇടവഴി മുതല്‍ വടിയുമായി ഇവര്‍ കുട്ടിക്ക് പിന്നാലെ നടക്കുന്നതും വീഡിയോയിലുണ്ട്.

അയല്‍വാസിയായ യുവതിയാണ് മര്‍ദ്ദനത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. കുട്ടിയെയും രണ്ട് സഹോദരങ്ങളെയും സ്ഥിരമായി അമ്മൂമ്മയും പിതാവും മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവര്‍ തന്നെയാണ് വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബാലാവകാശ നിയമ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയിലും പരാതി നല്‍കിയിട്ടുണ്ട്.


Post a Comment

Previous Post Next Post