‘അറസ്റ്റിലായത് മുസ്ലിമായതുകൊണ്ടല്ല', കേരളത്തില്‍നിന്നുള്ള പത്രപ്രവര്‍ത്തകനായതിനാല്‍;സിദ്ദിഖ് കാപ്പന്‍

(www.kl14onlinenews.com)
(02-FEB-2023)

‘അറസ്റ്റിലായത് മുസ്ലിമായതുകൊണ്ടല്ല', കേരളത്തില്‍നിന്നുള്ള പത്രപ്രവര്‍ത്തകനായതിനാല്‍:
സിദ്ദിഖ് കാപ്പന്‍
പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള എന്റെ ജോലിയെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെക്കുറിച്ച് എഴുതാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അഭിനിവേശത്തെയും 28 മാസമായി സംഭവിച്ചതൊന്നും ബാധിക്കില്ല. എന്റെ ദൃഢനിശ്ചയം അചഞ്ചലമാണ്. കഴിഞ്ഞുപോയ സമയം എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായിരുന്നു. എനിക്കു 19 വയസുള്ള മുസമ്മില്‍ എന്ന മകനും പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടു മക്കളുമാണുള്ളത്.

യു എ പി എ, ദേശീയ സുരക്ഷാ നിയമം, രാജ്യദ്രോഹം എന്നിവ ഉള്‍പ്പെടെയുള്ള ഏറ്റവും ഗൗരവതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഞാന്‍ രണ്ടു ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. എന്തിനുവേണ്ടി? ഞാന്‍ ഉത്തര്‍പ്രദേശിലെ ഹഥ്‌റാസ് ജില്ലയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി എന്നതാണു കാരണം. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളും ഞാന്‍ എപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ എഴുതിക്കൊണ്ടിരുന്ന മലയാളം ന്യൂസ് പോര്‍ട്ടലിനുവേണ്ടി ചെയ്യേണ്ട ഒരു വാര്‍ത്തയായിരുന്നു ഹഥ്‌റാസില്‍ നടന്നതായി ആരോപിക്കപ്പെട്ട സംഭവം. റിപ്പോര്‍ട്ടിങ്ങിനായി യാത്ര ചെയ്യുന്നത് എന്നെ സംബന്ധിച്ച് പുതിയ കാര്യമല്ല.

2013 മുതല്‍ ഞാന്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ട്. സുപ്രീം കോടതി, പാര്‍ലമെന്റ്, രാഷ്ട്രീയം എന്നിവയുമായും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മഥുരയില്‍നിന്ന് എന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് സമാധാന ലംഘനത്തിനു കേസെടുത്തു. ഞാന്‍ പത്രപ്രവര്‍ത്തകനല്ലെന്ന് ആരോപിക്കുന്നവര്‍, ഞാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) ഡല്‍ഹി ഘടകം സെക്രട്ടറിയും പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ അംഗവുമാണെന്നതു കണക്കിലെടുക്കുമോ? ഇവ പത്രപ്രവര്‍ത്തക കൂട്ടായ്മകളല്ലേ?

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ട്, വിദേശത്തുനിന്നു പണം ലഭിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ എനിക്കെതിരെ രണ്ടു വര്‍ഷമായി ഉയര്‍ന്നു. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നും 2009 മുതലുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പത്രപ്രവര്‍ത്തനം മാത്രമാണെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ കൂടുതലോ കുറവോ ഒന്നും പറയാനില്ല. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പി എഫ് ഐ നേതാക്കളോടെന്ന പോലെ ബി ജെ പി നേതാക്കളുമായും എനിക്കു ബന്ധമുണ്ടായിരുന്നു. അത് എന്റെ ജോലിയുടെ ഭാഗമായിരുന്നു. ഞാനൊരു മാവോയിസ്റ്റ് അനുഭാവിയാണെന്നും എന്റെ എഴുത്തുകള്‍ മുസ്ലീങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നും എനിക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നു. ദളിത്, ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ചും യു എ പി എയെക്കുറിച്ചും എപ്പോഴും എഴുതിയിട്ടുണ്ട്. അവ എന്റെ ബീറ്റിന്റെ ഭാഗമായിരുന്നു.

എന്റെ ലാപ്ടോപ്പില്‍ യു എ പി എയെക്കുറിച്ചുള്ള ഒരു ലേഖനം കണ്ടെത്തി. എത്ര പേര്‍ക്കെതിരെ കേസെടുത്തു, എത്ര പേരെ വെറുതെവിട്ടു, എത്ര പേര്‍ വിചാരണയിലുണ്ട് എന്നിങ്ങനെ രാജ്യത്ത് ഈ നിയമം എങ്ങനെ ഉപയോഗിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ അതിലുണ്ടായിരുന്നു. ഞാന്‍ സമര്‍പ്പിച്ച വിവരാവകാശ നിയമത്തിനു മറുപടിയായി ആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിന്റെയെല്ലാം ഒരു ചാര്‍ട്ട് എന്റെ പക്കലുണ്ടായിരുന്നു. യു എ പി എയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍.

ഇതെല്ലാം തെളിവായി മാറ്റി പൊലീസ് എന്നെ പ്രതിയാക്കി 28 മാസം ജയിലിലടച്ചു. കഴിഞ്ഞത് ഇപ്പോള്‍ ഭൂതകാലമാണ്. ജയിലില്‍നിന്നു പുറത്തുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു വര്‍ഷത്തോളം തടവില്‍ കഴിയേണ്ടിവന്ന മഥുര ജയിലില്‍ വളരെ ബുദ്ധിമുട്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങളുണ്ടായിരുന്ന സമയത്ത് എന്നെ ഐസൊലേഷനിലാണു പാര്‍പ്പിച്ചത്.

ജയിലുകളില്‍ ഹിന്ദി പുസ്തകങ്ങള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുണ്ടായിരുന്നില്ല. എനിക്കാണെങ്കില്‍ ഹിന്ദി വായിക്കാനറിയില്ല.

വരുമാനമുള്ള ഒരേയൊരു അംഗം രണ്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിയേണ്ടിവന്നാല്‍ ഒരു കുടുംബത്തിന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാം. ഈ സമയത്ത് നിരവധി സഹപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും എന്റെ കുടുംബത്തെ സഹായിച്ചു. മാധ്യമരംഗത്തുനിന്ന് എനിക്കു വളരെയധികം പിന്തുണ ലഭിച്ചു. അതിനു നന്ദി പറയുന്നു.

ഞാന്‍ ജയിലില്‍ കിടന്ന രണ്ടു വര്‍ഷത്തിനിടെ കുടുംബത്തിന് എന്നെ വന്നുകാണാന്‍ കഴിഞ്ഞില്ല. എന്റെ അതേ കേസില്‍ കുറ്റാരോപിതനായ മറ്റൊരാളുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കാണാന്‍ കേരളത്തില്‍നിന്ന് വന്നിരുന്നു. എന്നാല്‍ ജയിലിനു പുറത്തുനിന്ന് അവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. അവര്‍ക്കു രണ്ടു മാസം ജയിലില്‍ കഴിയേണ്ടി വന്നു. എന്നെ കാണാന്‍ വരരുതെന്ന് ഈ സംഭവത്തിനുശേഷം ഞാന്‍ കുടുംബത്തെ ഉപദേശിച്ചു.

മുസ്ലിമായതുകൊണ്ടാണ് എന്നെ അറസ്റ്റ് ചെയ്തതെന്നു ഞാന്‍ പറയില്ല. എല്ലാവരും അതു പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ ഞാനത് അംഗീകരിക്കുന്നില്ല. പത്രപ്രവര്‍ത്തകനായതുകൊണ്ടും കേരളത്തില്‍നിന്നായതുകൊണ്ടുമാണ് എന്നെ അറസ്റ്റ് ചെയ്തത്. ഞാനാരു മുസ്ലിം വിശ്വാസിയാണെങ്കിലും ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിച്ചതു കേരളത്തില്‍നിന്നുള്ള പത്രപ്രവര്‍ത്തകനെന്ന എന്റെ സ്വത്വമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറില്‍ അറസ്റ്റിലായി ഇന്നു ജയില്‍ മോചിതനായ സിദ്ദിഖ് കാപ്പന്‍, ആസാദ് റഹ്‌മാനോട് പറഞ്ഞത്.


Post a Comment

Previous Post Next Post