'ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക'; ബിബിസി നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

(www.kl14onlinenews.com)
(10-FEB-2023)

'ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക'; ബിബിസി നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
ഡൽഹി :രാജ്യത്ത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനെ (ബിബിസി) നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി 'പൂര്‍ണ്ണമായും തെറ്റായ ധാരണ' എന്ന് വിശേഷിപ്പിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരില്‍ ബിബിസിയെ പൂര്‍ണമായി നിരോധിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

'നിങ്ങള്‍ക്ക് എങ്ങനെ ഇത് വാദിക്കാന്‍ കഴിയും? ഇത് തികച്ചും തെറ്റായ ധാരണയാണ്. ബിബിസി നിരോധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും?' ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ബിബിസി ഇന്ത്യയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിനും എതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി തീരുമാനം. ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ആഗോള ഉയര്‍ച്ചയ്ക്കെതിരായ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ബിബിസി ഡോക്യുമെന്ററിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി നരേന്ദ്ര മോദിക്കെതിരെയുള്ള ശീതപ്രചാരണത്തിന്റെ പ്രതിഫലനമാണെന്നും അത് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിബിസി നടത്തുന്ന ഹിന്ദുത്വ വിരുദ്ധ പ്രചാരണമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

നേരത്തെ ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ആവിഷ്‌കാരമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിയെ ചവറ്റുകുട്ടയിലാക്കിയത്.

ബിബിസി ഡോക്യുമെന്ററിയായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' നിരോധിക്കുന്നത് 'അപരാധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്' എന്ന് വിശേഷിപ്പിച്ച് അഭിഭാഷകനായ എം എല്‍ ശര്‍മ്മ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകള്‍ നീക്കിയതിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കോടതിയെ സമീപിച്ചിരുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പരാമർശിച്ചുകൊണ്ട്, ബിബിസിയുടെ വിവാദമായ 'ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ' സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ വെല്ലുവിളിച്ചതായി ഹർജിയിൽ പറയുന്നു. പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ടിഎംസിയുടെ മഹുവ മൊയ്ത്ര എന്നിവർ സുപ്രീം കോടതിയിൽ നൽകിയ പുതിയ ഹർജികളെ വിമർശിച്ച് നിയമന്ത്രി കിരൺ റിജിജു തന്നെ രംഗത്തെത്തിയിരുന്നു.

ഇന്ത്യാ വിരുദ്ധ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചരണശകലമാണ് ഈ ഡോക്യുമെന്ററിയെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ്, വിദേശകാര്യ മന്ത്രാലയങ്ങൾ പറയുന്നത്. ബിബിസിയുടെ പ്രചാരണം ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വയ്ക്കുന്നതായും, വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനുള്ളിലെ പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതായും കണ്ടെത്തിയെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം വക്താവ് പറഞ്ഞിരുന്നു.


Post a Comment

أحدث أقدم