നികുതി വര്‍ധനവും ഇന്ധന സെസും: സഭയില്‍ സമരവുമായി പ്രതിപക്ഷം, നാല് എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങി

(www.kl14onlinenews.com)
(06-FEB-2023)

നികുതി വര്‍ധനവും ഇന്ധന സെസും: സഭയില്‍ സമരവുമായി പ്രതിപക്ഷം, നാല് എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങി
തിരുവന്തപുരം: ഇന്ധന സെസിലും നികുതി വർധനവിലും പ്രതിഷേധിച്ച് സഭയിൽ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. നിയമസഭ കവാടത്തിൽ നാല് പ്രതിപക്ഷ എംഎൽഎമാർ നിരാഹാരസമരം തുടങ്ങി. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇന്ന് ചേർന്ന യുഡിഎഫ് പാർലമെന്ററി കാര്യസമതിയാണ് എംഎൽഎമാർ നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്.

നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ധന സെസ് പിൻവലിക്കുക. അശാസ്ത്രീയമായി കൂട്ടിയ നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബജറ്റിലെ നികുതി നിർദേശങ്ങൾ അപ്പാടെ അശാസ്ത്രീയമാണെന്നും ജനങ്ങളുടെ മേൽ അധികഭാരം കെട്ടുവയ്ക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അധിക ചാർജ് പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്ന് എംഎൽഎമാർ പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും സഭാ നടപടികളുമായി സഹകരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post