ഭൂഗര്‍ഭ വ്യോമതാവളത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

(www.kl14onlinenews.com)
(10-FEB-2023)

ഭൂഗര്‍ഭ വ്യോമതാവളത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

ടെഹ്‌റാന്‍: രാജ്യത്തെ ആദ്യ ഭൂഗര്‍ഭ വ്യോമത്താവളം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് ഇറാന്‍. ലോങ് റേഞ്ച് ക്രൂസ് മിസൈലുകള്‍ സജ്ജമാക്കിയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ മുഴുവന്‍സമയം സന്നദ്ധമാക്കി നിര്‍ത്താന്‍ വ്യോമത്താവളത്തില്‍ സൗകര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ പ്രസിദ്ധീകരിച്ച വ്യോമതാവളത്തിന്റെ ചിത്രങ്ങളില്‍ വ്യോമസേനാംഗങ്ങളും യുഎസ് നിര്‍മിത F-4E ഫാന്റം II ഫൈറ്റര്‍ ബോംബര്‍ വിമാനങ്ങളും ഉള്‍പ്പെടുന്നു. ‘ഉഘാബ് 44’ എന്നാണ് വ്യോമതാവളത്തിന് നല്‍കിയിരിക്കുന്ന നാമം. ‘ഉഘാബ്’ എന്ന പേര്‍ഷ്യന്‍ പദത്തിന് ‘കഴുകന്‍’ എന്നാണര്‍ഥം.

1979 ല്‍ രാജ്യത്ത് അരങ്ങേറിയ വിപ്‌ളവത്തിന് മുമ്പ് ഇറാന്‍ കരസ്ഥമാക്കിയ യുദ്ധവിമാനങ്ങളാണ് F-4E ഫാന്റം II ഫൈറ്റര്‍ ബോംബേഴ്‌സ്. ഡ്രോണുകള്‍ കൂടാതെ എല്ലാതരത്തിലെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബോംബര്‍ വിമാനങ്ങളും വ്യോമത്താവളത്തില്‍ സൂക്ഷിക്കാന്‍ സാധിക്കും. വ്യോമത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് യാതൊരു സൂചനയും ഇറാന്‍ പുറത്തുവിട്ടിട്ടില്ല. മലനിരകള്‍ക്കുള്ളില്‍ നൂറ് കണക്കിന് മീറ്ററുകള്‍ ആഴത്തിലാണ് ഭൂഗര്‍ഭ വ്യോമത്താവളത്തിന്റെ ലൊക്കേഷന്‍ എന്ന സൂചന മാത്രമാണ് ഐആര്‍എന്‍എ നല്‍കുന്നത്.

തങ്ങളുടെ നേരെ ആക്രമണമുണ്ടാകുന്ന പക്ഷം സമീപ ലക്ഷ്യങ്ങളില്‍ കൈവശമുള്ള പഴയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കാനാണ് ഇറാന്‍ നിലവില്‍ പദ്ധതിയിടുന്നതെന്നും ഭൂഗര്‍ഭ വ്യോമതാവളത്തില്‍ സൂക്ഷിക്കുന്ന ജെറ്റ് വിമാനങ്ങള്‍ ലോങ് റേഞ്ച് ക്രൂസ് മിസൈലുകളാല്‍ സജ്ജമായിരിക്കുമെന്നും ഐആര്‍എന്‍എ സൂചിപ്പിക്കുന്നു. “ഇസ്രയേല്‍ ഉള്‍പ്പെടെ ശത്രുരാജ്യങ്ങളില്‍ നിന്ന് ഇറാന് നേര്‍ക്ക് ആക്രമണമുണ്ടാകുന്ന പക്ഷം ഉഘാബ് 44 ഉള്‍പ്പെടെയുള്ള ഞങ്ങളുടെ വിവിധ വ്യോമത്താവളങ്ങളില്‍നിന്ന് തിരിച്ചടിയുണ്ടാകും”, ഇറാന്റെ സായുധസേനാമേധാവി ജനറല്‍ മുഹമ്മദ് ബാഘേരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post