കൊടുങ്കാറ്റായി അശ്വിൻ, കളി മറന്ന് ഓസീസ്; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

(www.kl14onlinenews.com)
(11-FEB-2023)

കൊടുങ്കാറ്റായി അശ്വിൻ, കളി മറന്ന് ഓസീസ്; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
നാഗ്പൂര്‍:
ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് ആശിച്ച തുടക്കം. ലോക ഒന്നാം നമ്പർ ടീമായ ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 132 റൺസിനും പരാജയപ്പെടുത്തിയ ഇന്ത്യ സ്വന്തം മണ്ണിൽ തങ്ങൾക്ക് എതിരാളികളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുമായി രവിചന്ദ്രൻ അശ്വിൻ ഓസീസ് ബാറ്റിങ് നിരയെ കടപുഴക്കി.

അശ്വിന്റെ സ്‌പിൻ തന്ത്രങ്ങൾക്ക് മുന്നിൽ കളിയുടെ ബാലപാഠം പോലും മറന്ന ഓസ്‌ട്രേലിയൻ ബാറ്റർമാർ സ്കോർ മൂന്നക്കം കടത്താൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമായി. 32.3 ഓവർ മാത്രം നീണ്ടുനിന്ന ഓസീസ് ഇന്നിംഗ്‌സിൽ രണ്ടക്കം കടന്നത് നാല് പേർ മാത്രം. ഒടുവിൽ 91 റൺസിന് അനിവാര്യമായ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഇന്ത്യ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തു.

25 റൺസെടുത്ത് പുറത്താകാതെ നിന്ന സ്‌റ്റീവ് സ്‌മിത്ത്‌ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. ഇന്ത്യക്ക് വേണ്ടി അശ്വിന് പുറമെ, രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. അക്‌സർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ ഒന്നാമതെത്തി.

നേരത്തെ ഇന്ന് രാവിലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ അക്‌സർ പട്ടേലിന്റെയും, വാലറ്റത്ത് മുഹമ്മദ് ഷമിയുടെയും ചെറുത്ത് നിൽപിന്റെ ഫലമായി സ്കോർ നാനൂറിൽ എത്തിച്ചിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്‌സിൽ 223 റൺസിന്റെ ലീഡ് ഇന്ത്യ നേടിയിരുന്നു. അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും അർധസെഞ്ചുറി നേടിയപ്പോൾ രോഹിത് ശർമ്മ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. ഫെബ്രുവരി 17ന് ഡൽഹിയിലാണ് രണ്ടാം ടെസ്‌റ്റ് നടക്കുക.


Post a Comment

Previous Post Next Post