ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാർ വിൽപനയ്ക്ക്; നീക്കം അറസ്റ്റിന് പിന്നാലെ

(www.kl14onlinenews.com)
(28-FEB-2023)

ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാർ വിൽപനയ്ക്ക്; നീക്കം അറസ്റ്റിന് പിന്നാലെ
കണ്ണൂർ: ജയിലിലായതിന് പിന്നാലെ ശുഐബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാർ വിൽപനയ്ക്ക്. ജയിലിലായി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും കാർ വിൽപന പരസ്യം ചെയ്തുളള പോസ്റ്റ് വന്ന​ത്. 2012 രജിസ്ട്രേഷനിലുളള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇന്നോവ ആകാശിന്റെ പേരിലല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുളളത് കൊണ്ടാണ് വാഹനം വിൽപനയ്ക്ക് വെച്ചതെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവീന്ദ്രൻ പറഞ്ഞു.
ഫേസ്ബുക്കിലെ കാർ വിൽപന ​ഗ്രൂപ്പിലാണ് വാഹനം വിൽപ്പനയ്ക്കെന്ന് അറിയിപ്പ് വന്നത്. തിങ്കളാഴ്ചയാണ് ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് കാപ്പ ചുമത്തിയത്. ആറു മാസം തടവിനും കളക്ടര്‍ ഉത്തരവിട്ടു.
തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും 14 ക്രിമിനൽ കേസുകളിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലാണ് നിലവിലുളളത്.


Post a Comment

أحدث أقدم