ടെസ്റ്റ്‌ രണ്ടാം ദിനം, സെഞ്ചുറിയുമായി രോഹിത്; ഫിഫ്റ്റിയടിച്ച് ജഡേജയും അക്സർ പട്ടേലും,ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ്

(www.kl14onlinenews.com)
(10-FEB-2023)

ടെസ്റ്റ്‌ രണ്ടാം ദിനം, സെഞ്ചുറിയുമായി രോഹിത്; ഫിഫ്റ്റിയടിച്ച് ജഡേജയും അക്സർ പട്ടേലും,ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ്
നാഗ്‌പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 144 റണ്‍സിന്റെ ലീഡുമായി അവസാനിപ്പിച്ചപ്പോള്‍ വിസ്‌മയ കൂട്ടുകെട്ടുമായി സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും. ഇരുവരും എട്ടാം വിക്കറ്റില്‍ 185 പന്തില്‍ പുറത്താകാതെ 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ 321/7 എന്ന സ്‌കോറിലാണ് രണ്ടാം ദിനം സ്റ്റംപെടുത്തത്.
നേരത്തെ സെഞ്ചുറി വീരന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം അര്‍ധ സെഞ്ചുറി റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ച രവീന്ദ്ര ജഡേജ 170 പന്തില്‍ 9 ബൗണ്ടറികളോടെ 66 റണ്‍സെടുത്തിട്ടുണ്ട്. ഏഴാമനായിരുന്നു ജഡ്ഡു ക്രീസിലെത്തിയത്. അഞ്ച് വിക്കറ്റ് പിഴുതതിന് പിന്നാലെ അര്‍ധ സെഞ്ചുറിയുമായും ജഡേജ ഓസീസിനെ പ്രഹരിക്കുകയായിരുന്നു. അതേസമയം ഒന്‍പതാമനായി ക്രീസിലെത്തിയാണ് അക്‌‌സര്‍ പട്ടേലിന്റെ ഫിഫ്റ്റി. അക്‌സര്‍ 102 പന്തില്‍ 8 ഫോറുകളോടെ ഇതിനകം 52 റണ്‍സ് നേടിക്കഴിഞ്ഞു. അക്‌സറിന്റെ രണ്ടാം ടെസ്റ്റ് ഫിഫ്റ്റിയാണിത്. 81 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി നാളെ മൂന്നാംദിനം ഇരുവരും ബാറ്റിംഗ് പുനരാരംഭിക്കും. 83.1 ഓവറില്‍ 240 റണ്‍സിന് ഏഴ് വിക്കറ്റ് വീണ ശേഷമായിരുന്നു ഇരുവരും ക്രീസിലൊന്നിച്ചത്. ഇരുവരുടേയും പോരാട്ടം കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ഇപ്പോള്‍ 321 റണ്‍സിലെത്തി നില്‍ക്കുന്നു.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 177 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യക്ക് ഇപ്പോള്‍ 144 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കരുത്തിലാണ് ഇന്ത്യ ലീഡെടുത്തത്. രോഹിത് 212 പന്തില്‍ 120 റണ്‍സുമായി മടങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍(20), രവിചന്ദ്രന്‍ അശ്വിന്‍(23), ചേതേശ്വര്‍ പൂജാര(7), വിരാട് കോലി(12), സൂര്യകുമാര്‍ യാദവ്(8), ശ്രീകര്‍ ഭരത്(8) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. ഓസീസിനായി അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി അഞ്ച് വിക്കറ്റ് വീഴ്‌ത്തി.

Post a Comment

Previous Post Next Post