റൊണാള്‍ഡീഞ്ഞോയുടെ മകന്‍ ബാഴ്സലോണയിലേക്ക്

(www.kl14onlinenews.com)
(10-FEB-2023)

റൊണാള്‍ഡീഞ്ഞോയുടെ മകന്‍ ബാഴ്സലോണയിലേക്ക്
ബാഴ്സലോണ: ബാഴ്സലോണയുടെ വീരനായകരിലൊരാളാണ് ബ്രസീൽ മുൻ താരം റൊണാള്‍ഡീഞ്ഞോ. കറ്റാലൻ പടയുടെ വിഖ്യാത ടിക്കി ടാക്ക ശൈലിയിൽ സാംബ താളം കൂടി നിറച്ച് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച മഹാമാന്ത്രികൻ. ഇപ്പോഴിതാ റൊണാൾഡീഞ്ഞോയുടെ മകൻ ജോവോ മെന്‍ഡസും പിതാവിന്റെ പാത പിന്തുടര്‍ന്ന് ബാഴ്സ കുപ്പായം അണിയാന്‍ ഒരുങ്ങുകയാണ്. റൊണാൾഡീഞ്ഞോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബൂട്ടഴിച്ചെങ്കിലും ക്ലബിന്റെ അംബാസിഡര്‍മാരിൽ ഒരാളായി ഇപ്പോഴും ബാഴ്സക്കൊപ്പമുണ്ട് ആരാധകരുടെ പ്രിയപ്പെട്ട ഡീഞ്ഞോ. ആ ഹൃദയ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് ക്യാംപ്നൗലേക്ക് റൊണാൾ‍ഡീഞ്ഞോയുടെ മകന്‍ ജോവോ മെന്‍ഡസിന്റെ വരവ്. പതിനേഴുകാരനായ ജോവോ ഈ വര്‍ഷമാദ്യം ബാഴ്സ യൂത്ത് ടീമിന്റെ ട്രയൽസ് വിജയകരമായി പൂര്‍ത്തികരിച്ചിരുന്നു. വൈകാതെ മെന്‍ഡസുമായി ബാഴ്സ കരാറിൽ ഏര്‍പ്പെടുമെന്ന് തനിക്കുറപ്പുണ്ടെന്ന് റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

ബാഴ്സലോണ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും, മകന്റെ വരവോടെ ബാഴ്സലോണയിൽ താൻ ഒന്നുകൂടി സജീവമാകുമെന്നും താരം പറഞ്ഞു. ബാഴ്സ എന്റെ ജീവിതത്തിന്റെ ഭാഗമാണ് എവിടെ പോയാലും ബാഴ്സ തന്റെ കൂടയുണ്ടാകുമെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. സ്ട്രൈക്കറായ ജോവോ ബ്രസീലിയന്‍ ക്ലബ്ബായ ക്രുസേറിയോയില്‍ നിന്നാണ് ബാഴ്സസയിലെത്തുന്നത്. അഞ്ച് സീസണുകളില്‍ ബാഴ്സക്കായി കളിച്ച റൊണാള്‍ഡീഞ്ഞോ ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ്. ബാഴ്സ കുപ്പായത്തില്‍ 207 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡീഞ്ഞോ 94 ഗോളുകള്‍ നേടി. 70 അസിസ്റ്റുകളും നല്‍കി.

ജോവോ കൂടി ബാഴ്സയില്‍ ചേര്‍ന്നാല്‍ ഒരേ ക്ലബ്ബിനായി അച്ഛനും മകനും കളിച്ചതിന്റെ റെക്കോര്‍ഡും റൊണാള്‍ഡീഞ്ഞോക്കും മകനും സ്വന്തമാവും. സെസാര്‍ മാള്‍ദീനിയുടെ മകന്‍ പൗളോ മാള്‍ദീനി, ആല്‍ഫി ഹാലന്‍ഡിന്റെ മകന്‍ ഏര്‍ലിങ് ഹാലന്‍ഡ് എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയവരാണ്. എന്തായാലും ബാഴ്സ ആരാധകര്‍ കാത്തിരിക്കുകയാണ്, തങ്ങളുടെ പ്രിയപ്പെട്ട ഡീഞ്ഞോ സമ്മാനിച്ചത് പോലെ സുന്ദര നിമിഷങ്ങൾ ജോവോയും നല്‍കുമെന്ന പ്രതീക്ഷയോടെ.


Post a Comment

Previous Post Next Post