അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങി, വിശപ്പ് സഹിക്കാനാവാതെ 14കാരന്‍ തിരിച്ചെത്തി; കുട്ടി നാടിനെ മുഴുവന്‍ പരിഭ്രാന്തിയിലാക്കിയത് മണിക്കൂറുകളോളം

(www.kl14onlinenews.com)
(10-FEB-2023)

അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങി, വിശപ്പ് സഹിക്കാനാവാതെ 14കാരന്‍ തിരിച്ചെത്തി; കുട്ടി നാടിനെ മുഴുവന്‍ പരിഭ്രാന്തിയിലാക്കിയത് മണിക്കൂറുകളോളം
ആലപ്പുഴ ഹരിപ്പാട് അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടി വിശപ്പ് സഹിക്കാനാവാതെ തിരിച്ചെത്തി. വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ചിരുന്ന 14കാരനാണ് ഉച്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുട്ടിയെ കാണാതായതോടെ പൊലീസില്‍ ഉള്‍പ്പെടെ അറിയിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മണിക്കൂറുകളോളം കുട്ടിയെ കുറിച്ച് വിവരമില്ലാതായതോടെ സമൂഹമാധ്യമങ്ങള്‍ വഴിയും വാര്‍ത്ത വ്യാപക പ്രചാരണം നടത്തിയിരുന്നു.

രാവിലെ ആറ് മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. അമ്മയോട് പിണങ്ങി നാട് വിട്ടെന്നാണ് എല്ലാവരും കരുതിയത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കുട്ടിയെ കണ്ടെത്താന്‍ ഒന്നിച്ചിറങ്ങി. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ കുട്ടി പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഇതേസമയം കുട്ടി വീടിന് സമീപത്തെ പുരയിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഉച്ചയായതോടെ വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. ഇതോടെയാണ് മണിക്കൂറുകളോളം പരിഭ്രാന്തിയിലായിരുന്ന നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സമാധാനമായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

Post a Comment

Previous Post Next Post