യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റില്‍; ചോർന്നത് 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന്,ഒത്തുതീർപ്പിന് ശ്രമമെന്ന് വീട്ടമ്മ

(www.kl14onlinenews.com)
(07-FEB-2023)

യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റില്‍; ചോർന്നത് 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന്,ഒത്തുതീർപ്പിന് ശ്രമമെന്ന് വീട്ടമ്മ
തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ പരാതിക്കാരി. പ്രതിക്കൊപ്പം തന്നെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് ആരോപണം. പരാതി ഒത്തുതീര്‍പ്പാക്കിക്കൂടെ എന്ന് കാട്ടാക്കട സിഐ ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം.

കാട്ടാക്കട സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ഇന്ത്യയില്‍ നിരോധിച്ചതും ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതുമായ അശ്ലീല വെബ്സൈറ്റില്‍ യുവതിയുടെ ഫോട്ടോയും വയസും ഫോണ്‍ നമ്പറും അടക്കം പ്രതി പരസ്യപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വന്ന ഫോണ്‍ കോളുകളും അശ്ലീല സന്ദേശങ്ങളും കൊണ്ട് വീട്ടമ്മ പൊറുതിമുട്ടി. ആദ്യം ഇവര്‍ക്ക് സംഭവത്തിന്റെ ഗൗരവം തിരിച്ചറിയാനായില്ല. നമ്പര്‍ തെറ്റി വന്നതാകാമെന്ന് കരുതി കുറെയധികം നമ്പറുകള്‍ ഇവര്‍ ബ്ലോക്ക് ചെയ്തു. എന്നിട്ടും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഇതോടെ വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അശ്ലീല സൈറ്റില്‍ വീട്ടമ്മയുടെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ജനുവരി 31ന് സൈബര്‍ പോലീസിലും ഫെബ്രുവരി ഒന്നാം തീയതി കാട്ടാക്കട പോലീസിലും യുവതി പരാതി നല്‍കി

സൈറ്റില്‍ പ്രചരിച്ച ചിത്രം പരിശോധിച്ചതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്‌തെടുത്ത ചിത്രമായിരുന്നു അത്. എട്ട് പേരുള്ള ചിത്രത്തില്‍ നിന്ന് വീട്ടമ്മയുടെ മുഖം മാത്രം ക്രോപ്പ് ചെയ്യുകയായിരുന്നു. ഇതോടെ പത്താം ക്ലാസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചിത്രമെടുത്തതെന്നും വ്യക്തമായി. ഇതോടെ തന്നോടൊപ്പം ചിത്രത്തിലുള്ള ഏഴ് പേരെയും ചോദ്യം ചെയ്യണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.

കൂടാതെ ഇതില്‍ ഒരാളെ കൂടുതല്‍ സംശയമുണ്ടെന്നും അറിയിച്ചു. സംശയമുണ്ടായിരുന്ന സഹപാഠിയുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെ പരാതിക്കാരി പൊലീസിന് നല്‍കി. ഇത്രയധികം വിവരങ്ങള്‍ ഒന്നാം തീയതി നല്‍കിയിട്ടും ഗുരുതരമായ ഒരു കേസില്‍ ആദ്യ നടപടിയുണ്ടായത് ആറാം തീയതിയാണ്. പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുമ്പോഴും നീതി ലഭിക്കുമെന്നായിരുന്നു പരാതിക്കാരിയുടെ പ്രതീക്ഷ. എന്നാല്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിന് പകരം കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് പൊലീസ് താല്‍പര്യം കാണിച്ചതെന്ന് യുവതി ആരോപിക്കുന്നു.

ഇതിനിടെ പ്രതിയും കുടുംബവും പരാതിക്കാരിയുടെ വീട്ടിലെത്തി മാപ്പ് ചോദിച്ചു. കുറ്റസമ്മതം നടത്തിയ പ്രതി കേസ് പിന്‍വലിക്കണമെന്നും വീട്ടമ്മയോട് ആവശ്യപ്പെട്ടു. പൊലീസിന്റെയും പ്രതിയുടെയും ഒത്തുതീര്‍പ്പ് ശ്രമത്തിന് വഴങ്ങാന്‍ വീട്ടമ്മ ഒരുക്കമല്ലായിരുന്നു. ഇതോടെ കേസില്‍ ഗുരുതര വീഴ്ച വരുത്തിയ പൊലീസിനെതിരെ റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയിട്ടും കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച കാട്ടാക്കട സി.ഐക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് യുവതിയുടെയും കുടുംബത്തിന്റെയും തീരുമാനം.

തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് മകളുടെ ഭാവിയെ ബാധിക്കുമെന്ന് ഭയമുണ്ടെന്നും യുവതി പറയുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ യഥാസമയം പരാതിയില്‍ നടപടിയെടുത്തതായി വ്യക്തമാക്കി. ഐ.ടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്.


Post a Comment

Previous Post Next Post