വിദേശ യാത്രക്കാര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍

(www.kl14onlinenews.com)
(01-Jan-2023)

വിദേശ യാത്രക്കാര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍
ബാംഗ്ലൂർ :
പുതുവത്സരാഘോഷങ്ങള്‍ സംബന്ധിച്ച് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

ചൈന, ജപ്പാന്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, രുചി വ്യത്യാസം, മണം, വയറിളക്കം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡിന്റെ ലക്ഷണങ്ങളുണ്ടാകാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യും. ഇതിനുശേഷം ഏഴുദിവസം ഇവരെ നിരീക്ഷണത്തിലാക്കും.

രോഗബാധിതര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുപുറമെ, കോവിഡ് രോഗികളിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ആര്‍ടി-പിസിആറിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് കാണിച്ചതിന് ശേഷം മാത്രമേ എല്ലാ യാത്രക്കാരനെയും വിമാനത്താവളത്തിനുള്ളില്‍ നിന്നും പുറത്തു കടക്കാന്‍ അനുവദിക്കൂ.

കോവിഡ് ആശങ്കയെ തുടര്‍ന്ന് ജനുവരി 1 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍, ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് കാണിക്കേണ്ടത് നിര്‍ബന്ധമാണ്. യാത്രക്കാര്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് തങ്ങളുടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇത് ചെയ്യാത്തവര്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കില്ല. കര്‍ണാടകയിലും ഈ തീരുമാനം നടപ്പാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post