51 ദിവസം, 3200 കി.മി, 50 ടൂറിസം കേന്ദ്രങ്ങള്‍; ലോകത്തിലെ ഏറ്റവും വലിയ നദീജല ക്രൂയിസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

(www.kl14onlinenews.com)
(13-Jan-2023

51 ദിവസം, 3200 കി.മി, 50 ടൂറിസം കേന്ദ്രങ്ങള്‍; ലോകത്തിലെ ഏറ്റവും വലിയ നദീജല ക്രൂയിസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ നദീജല ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ ഉദ്ഘാടനം ചെയ്തു. 51 ദിവസം നീളുന്ന നദീജല യാത്ര മാര്‍ച്ച് ഒന്നിന് അവസാന ലക്ഷ്യസ്ഥാനമായ അസമിലെ ദിബ്രുഗഢില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

”ഗംഗ നദിയില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് സര്‍വീസിന്റെ തുടക്കം ഒരു സുപ്രധാന നിമിഷമാണ്. ഇത് ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ പുതിയ യുഗമായി അറിയപ്പെടും, ”വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്രൂയിസ് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ക്രൂയിസ് സര്‍വീസ് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

”ഇന്ത്യയെ വാക്കുകളില്‍ നിര്‍വചിക്കാന്‍ കഴിയില്ല, അത് ഹൃദയത്തില്‍നിന്ന് മാത്രമേ അനുഭവിക്കാന്‍ കഴിയൂ,” കപ്പല്‍ യാത്രയുടെ കന്നിയാത്ര നടത്തുന്ന വിദേശ വിനോദസഞ്ചാരികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

വാരണാസിയില്‍നിന്ന് പുറപ്പെടുന്ന എംവി ഗംഗാ വിലാസ് എന്ന ക്രൂയിസ് കപ്പല്‍ 51 ദിവസം കൊണ്ട് 3,200 കിലോമീറ്റര്‍ പിന്നിടും, 27 നദീതടങ്ങളും നിരവധി സംസ്ഥാനങ്ങളും കടന്ന് ദിബ്രുഗഡില്‍ യാത്ര അവസാനിപ്പിക്കും. ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, നദീഘട്ടങ്ങള്‍, ബിഹാറിലെ പട്ന, ഝാര്‍ഖണ്ഡിലെ സാഹിബ്‌ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹതി തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഈ യാത്രയുടെ ഭാഗമാണ്.

വാരണസിയിലെ പ്രസിദ്ധമായ ഗംഗാ ആരതി കാണാന്‍ സര്‍നാഥിൽ ക്രൂയിസ് നിര്‍ത്തും. താന്ത്രിക കലകള്‍ക്കു പേര കേട്ട മയോങ്ങ്, അസമിലെ ഏറ്റവും വലിപ്പമേറിയ നദീദ്വീപും വൈഷ്ണവ സംസ്‌കാരത്തിന്റെ ആസ്ഥാനവുമായ മജൂലി എന്നിവയും ഗംഗാവിലാസ് സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, വിക്രംശില യൂണിവേഴ്‌സിറ്റി എന്നിവയും സന്ദര്‍ശിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ സുന്ദര്‍ബനിലൂടെയും കാസിരംഗ ദേശീയ ഉദ്യാനത്തിലൂടെയുമാണു ക്രൂയിസ് സഞ്ചരിക്കുക.

62 മീറ്റര്‍ നീളമുള്ള യാനമാണ് എം.വി ഗംഗാവിലാസ്. 12 മീറ്റര്‍ വിസ്താരവുമുള്ള യാനത്തില്‍ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികള്‍ക്കുള്ള എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. കന്നി യാത്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദസഞ്ചാരികള്‍ മുഴുവന്‍ യാത്രയിലുമുണ്ടാകും.

ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 25,000 രൂപ ചെലവ് വരും. സ്വകാര്യ ഓപ്പറേറ്റര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നതെങ്കിലും ഷിപ്പിങ്, തുറമുഖ, ജലപാത മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ എംവി ഗംഗാ വിലാസിന്റെ അടുത്ത യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബുക്കിങ് ഉടന്‍ ആരംഭിക്കുമെന്നും ടൂര്‍ ഓപ്പറേറ്റര്‍  പറഞ്ഞു. ആന്റാര റിവര്‍ ക്രൂയിസിന്റെ വെബ്സൈറ്റില്‍നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

രാജ്യത്ത് റിവര്‍ ക്രൂയിസ് ടൂറിസം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടി ഈ മേഖല ഉള്‍പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര ഷിപ്പിങ്, തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. റിവര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ച് നിലവിലുള്ള ടൂറിസം സര്‍ക്യൂട്ടുകളുമായി സംയോജിപ്പിച്ച് വിപുലപ്പെടുത്തുന്നത് രാജ്യത്തെ ഈ മേഖലയുടെ ദ്രുതഗതിയിലുള്ള വികസനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post