വിമാനത്തിൽ സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

(www.kl14onlinenews.com)
(07-Jan-2023)

വിമാനത്തിൽ സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ
ഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നാണ് പ്രതി ശങ്കര്‍ മിശ്രയെ(34) പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. ശങ്കര്‍ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് ബെംഗളൂരുവില്‍ ഒരു സംഘത്തെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ പ്രതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ ഒളിവില്‍ പോയ ദിവസങ്ങളില്‍ മിശ്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നതായും അന്വഷണത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയായരുന്നു സംഭവം.

പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വെല്‍സ് ഫാര്‍ഗോ എന്ന കമ്പനിയാണ് ശങ്കര്‍ മിശ്രയെ പുറത്താക്കിയത്. കൂടാതെ അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. സംഭവത്തില്‍ നിയമ നടപടി വൈകിപ്പിച്ചതില്‍ വിമാനത്തിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതി ശങ്കര്‍ മിശ്രയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കാത്തതിനാലും ആശയവിനിമയം നടത്താത്തതിനാലുമാണ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതൊയിരുന്നു പൊലീസ് അറിയിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കര്‍ണാടക സ്വദേശിയാണ് പരാതിക്കാരി. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത യാത്രക്കാരന് എയര്‍ ഇന്ത്യ30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم