സജി ചെറിയാന് രണ്ടാംമൂഴം; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

(www.kl14onlinenews.com)
(04-Jan-2023)

സജി ചെറിയാന് രണ്ടാംമൂഴം; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു.

മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും മന്ത്രി സജി ചെറിയാൻ നന്ദി പറഞ്ഞു. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികൾ ഉണ്ട്. ഇവ പൂർത്തിയാക്കും. മറ്റ് മന്ത്രിമാർക്ക് നൽകിയ മുൻപ് താൻ കൈകാര്യം ചെയ്ത വകുപ്പുകൾ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിക്കാൻ തീവ്രയജ്ഞം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് തുടരും. തീരദേശ മേഖലയിലെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. സർക്കാർ ചെയ്ത കാര്യങ്ങൾ പൂർണതയിൽ എത്തിക്കണം. തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കും. മുമ്പ് വകുപ്പുകളിൽ നടത്തിയ കാര്യങ്ങൾ പൂർത്തീകരിക്കും.

മാധ്യമങ്ങൾ നല്ല രീതിയിൽ രാജിവെച്ച ശേഷം തന്നെ നന്നായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ നേട്ടങ്ങളും കോട്ടങ്ങളും മാധ്യമങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തിരിച്ചു വരാൻ സഹായിച്ച മുഖ്യമന്ത്രി, ഗവർണർ, ചെങ്ങനൂരിലെ ജനങ്ങൾ എന്നിവർക്ക് നന്ദി. ഗവർണറോട് ആദരവും സ്നേഹവുമാണ് തനിക്കുള്ളത്. ഗവർണറും സർക്കാരും ഒന്നാണ്. ഗവർണർ സീനിയർ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. അതെല്ലാം പിന്നെ പറയാം. പ്രതിപക്ഷം അവരുടെ ധർമ്മം ചെയ്യണം. അവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കേണ്ടതായിരുന്നു. അവരുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ഗവർണർ സൗഹാർദ്ദപരമായാണ് രാജ്ഭവനിലേക്ക് സ്വീകരിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.

Post a Comment

Previous Post Next Post