റോണാള്‍ഡോയ്ക്ക് തിരിച്ചടി; അൽ-നസറിന് വേണ്ടിയുള്ള ആദ്യ മത്സരം ഇന്ന് കളിയ്ക്കാനാകില്ല

(www.kl14onlinenews.com)
(05-Jan-2023)

റോണാള്‍ഡോയ്ക്ക് തിരിച്ചടി; അൽ-നസറിന് വേണ്ടിയുള്ള ആദ്യ മത്സരം ഇന്ന് കളിയ്ക്കാനാകില്ല
റിയാദ് :നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങി കരാറിലേര്‍പ്പെട്ടത്. റൊണാൾഡോയുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ട അൽ നാസർ ക്ലബ് താരത്തിന് നൽകുന്നത് 1770 കോടി രൂപയാണ്(200 മില്യൺ ഡോളർ). പരസ്യവരുമാനം ഉൾപ്പടെയാണിത്. ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ചരിത്രത്തിലെ തന്നെ റെക്കോർഡ് പ്രതിഫലമാണിത്.

സൗദി പ്രോ ലീഗ് ടൂര്‍ണമെന്‍റില്‍ വ്യാഴാഴ്ച അല്‍ തായ് ക്ലബ്ബിനെതിരെ തന്‍റെ ആദ്യ മത്സരത്തിനായി തയാറെടുത്ത റോണാള്‍ഡോയ്ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കോടികള്‍ പ്രതിഫലം വാങ്ങി കരാര്‍ ഒപ്പിട്ട അല്‍ നസര്‍ ക്ലബ്ബിനായി ആദ്യ മത്സരം കളിയ്ക്കാന്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ഇനിയും കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിനോട് പരാജയപ്പെട്ടതിന് പിന്നാലെ റോണാള്‍ഡോ ആരാധകന്‍റെ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിച്ച സംഭവത്തെ തുടര്‍ന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ താരത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് കാരണമാണ് റോണാള്‍ഡോയ്ക്ക് ഇന്ന് നടക്കുന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ കളിയ്ക്കാനാവാത്തത്.

നവംബറിലാണ്, ഇംഗ്ലീഷ് എഫ്എ അനുചിതവും അക്രമാസക്തവുമായ പെരുമാറ്റത്തിന് റൊണാൾഡോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിലക്കിന് പുറമെ 50,000 പൗണ്ട് പിഴയും ചുമത്തിയിരുന്നു. എന്നാൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിനാൽ സസ്പെൻഷൻ നേരിടാന്‍ അന്ന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പുതിയ ക്ലബ്ബിൽ ചേര്‍ന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും ബാധകമായത്. അൽ തായ്, അൽ-ഷബാബ് എന്നിവയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കേണ്ടി വരും

Post a Comment

Previous Post Next Post