പവര്‍ കട്ടിലും പിന്മാറിയില്ല, ലാപ്‌ടോപ്പില്‍ ബിബിസി ഡോക്യുമെന്ററി കണ്ട് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍; ക്യാമ്പസില്‍ ആസാദിക്കൊപ്പം ജയ് ശ്രീറാം മുദ്രാവാക്യങ്ങളും

(www.kl14onlinenews.com)
(27-Jan-2023)

പവര്‍ കട്ടിലും പിന്മാറിയില്ല, ലാപ്‌ടോപ്പില്‍ ബിബിസി ഡോക്യുമെന്ററി കണ്ട് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍; ക്യാമ്പസില്‍ ആസാദിക്കൊപ്പം ജയ് ശ്രീറാം മുദ്രാവാക്യങ്ങളും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനിടെ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളുടെ പ്രതിഷേധം. പ്രദര്‍ശനത്തിന് മുമ്പ് വൈദ്യുതി തടസ്സപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലുമാണ് ഡോക്യുമെന്ററി കാണുന്നത്. പ്രദര്‍ശനത്തിനിടെ വിദ്യാര്‍ഥികള്‍ ആസാദി മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെതിരെ ഒരു വിഭാഗം 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങളും ഉയര്‍ത്തി.
ഡല്‍ഹി സര്‍വ്വകലാശാലയിലെ അംബേദ്കര്‍ കോളേജിലാണ് പ്രതിഷേധം. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് മുമ്പാണ് വൈദ്യുതി തടസ്സപ്പെട്ടത്. ഇതോടെ എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ പ്രദര്‍ശനവുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചു. മൊബൈല്‍ ഫോണുകളില്‍ ബദല്‍ സ്‌ക്രീനിംഗിനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്യുആര്‍ കോഡുകള്‍ വിതരണം ചെയ്തു.

ഇതിനിടെ സ്‌ക്രീനിങ്ങിനു മുന്നോടിയായി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ നിര്‍മല്‍ ഗേറ്റ് പൂട്ടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അവിടെ നിര്‍ത്തുകയും ചെയ്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഒരു വിദ്യാര്‍ത്ഥിക്കും ജീവനക്കാര്‍ക്കും പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ചില ഡല്‍ഹി പോലീസുകാരെയും ഗേറ്റില്‍ വിന്യസിച്ചിട്ടുണ്ട്. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ( എൻ.എസ്.യുഎ), കോൺഗ്രസിന്റേയും ഭീം ആർമിയുടേയും മറ്റ് നിരവധി സംഘടനകളും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ആഹ്വാനം ചെയ്തത്.

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഡോക്യുമെന്ററിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ കേന്ദ്രസർക്കാർ നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി കേന്ദ്ര സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ വിലക്കിയിരുന്നു.

Post a Comment

Previous Post Next Post