ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി

(www.kl14onlinenews.com)
(27-Jan-2023)

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി
റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. റാഞ്ചിയില്‍ 177 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരാണ് ന്യൂസിലന്‍ഡ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. സൂര്യകുമാര്‍ യാദവ് (34 പന്തില്‍ 47), വാഷിംഗ്ടണ്‍ സുന്ദര്‍ (28 പന്തില്‍ 50) എന്നിവര്‍ ആവോളം പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. നേരത്തെ, ടോസ് നഷ്ടമയായി ബാറ്റിംഗിനെത്തിയ കിവീസിന് ഡാരില്‍ മിച്ചല്‍ (30 പന്തില്‍ പുറത്താവാതെ 59) ഡെവോണ്‍ കോണ്‍വെയുടെ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ഫിന്‍ അലന്‍ (35) തിളങ്ങി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റുമായി കുല്‍ദീപും തിളങ്ങി. നാല് ഓവറില്‍ 20 റണ്‍സ് മാത്രമാണ് കുല്‍ദീപ് വിട്ടുകൊടുത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. റാഞ്ചിയില്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ മൂന്നിന് 33 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇഷാന്‍ കിഷന്‍ (4), രാഹുല്‍ ത്രിപാഠി (0), ശുഭ്മാന്‍ ഗില്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് കിഷന്റെ വിക്കറ്റ് നഷ്ടമായി. ഹോംഗ്രൗണ്ടില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കിഷന്റേത്. ബ്രേസ്‌വെല്ലിന്റെ ടേണിംഗ് പന്തില്‍ മനസിലാക്കുന്നതില്‍ കിഷന് പിഴച്ചു. ബൗള്‍ഡാവുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. മൂന്നാമനായി ക്രീസിലെത്തിയ ത്രിപാഠി തുടക്കം മുതല്‍ ബുദ്ധിമുട്ടി. ആറ് പന്തുകള്‍ നേരിട്ട താരം ഡഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കി.

നാലാം ഓവറില്‍ ഗില്ലിനെ സാന്റ്‌നര്‍ മടക്കി. ഫിന്‍ അലന് ക്യാച്ച്. അഞ്ചാം വിക്കറ്റില്‍ സൂര്യുകുമാര്‍- ഹാര്‍ദിക് പാണ്ഡ്യ (20 പന്തില്‍ 21) കൂട്ടുകെട്ട് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സൂര്യയെ പുറത്താക്കി ഇഷ് സോധി കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വിരളമായി. ദീപക് ഹൂഡ (10), ശിവം മാവി (2) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. കുല്‍ദീപ് യാദവ് (0), യാദവാണ് പുറത്തായ മറ്റൊരു താരം. അവസാന ഓവറില്‍ ഫെര്‍ഗൂസണ് ക്യാച്ച് നല്‍കിയാണ് സുന്ദര്‍ മടങ്ങുന്നത്. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. അര്‍ഷ്ദീപ് സിംഗ് (0), ഉമ്രാന്‍ മാലിക്ക് (4) പുറത്താവാതെ നിന്നു. ജേക്കബ് ഡഫി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്‍- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ അലനേയും ചാപ്മാനേയും സുന്ദര്‍ മടക്കി. അലന്‍, വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈകളില്‍ ഒതുങ്ങി. ചാപ്മാനെ സ്വന്തം പന്തില്‍ സുന്ദര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. നാലാമതായി ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് (22 പന്തില്‍ 17) കിവീസിനെ തകര്‍ച്ചയില്‍ രക്ഷിച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മടങ്ങിയത്. കോണ്‍വെ- ഫിലിപ്‌സ് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുല്‍ദീപ് യാദവ് ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് മിച്ചല്‍ ക്രീസിലേക്ക്. താരം കോണ്‍വെയ്‌ക്കൊപ്പം ക്രീസില്‍ ഉറച്ചതോടെ കിവീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതി. ഇരുവരും 36 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ കോണ്‍വെ മടങ്ങി. ശേഷമെത്തിയ മൈക്കല്‍ ബ്രേസ്‌വെല്ലിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഒരു സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ഏറില്‍ ബ്രേസ്‌വെല്‍ റണ്ണൗട്ടായി. മിച്ചല്‍ സാന്റ്‌നറെ (7) ശിവം മാവി പുറത്താക്കി. അവസാന ഓവറില്‍ മിച്ചല്‍ തകര്‍ത്തടിച്ചതോടെ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 170 കടന്നു. ഇഷ് സോധി (0) പുറത്താവാതെ നിന്നു.
Post a Comment

Previous Post Next Post