മകളെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്‍

(www.kl14onlinenews.com)
(20-Jan-2023)

മകളെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്‍
മൂന്ന് വയസുകാരിയായ മകളെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞാണ് ഉപേക്ഷിച്ചത്. മൃതദേഹം കനാലില്‍ തള്ളാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നതെങ്കിലും റെയില്‍വേ ട്രാക്കിന് സമീപം വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് സംഭവം.

സുനിതയും കാമുകനായ മാള്‍ട്ട എന്ന സണ്ണിയും ചേര്‍ന്നാണ് അരുംകൊല നടത്തിയത്. തിങ്കളാഴ്ച രാത്രിയോടെ മകള്‍ കിരണിനെ അമ്മ സുനിതയാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സണ്ണിയുടെ സഹായത്തോടെ മൃതദേഹം ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. പിറ്റേന്ന് രാവിലെ 6.10 ന് ഇരുവരും ട്രെയിനില്‍ കയറി. ട്രെയിന്‍ ഫതുഹി റെയില്‍വേ സ്റ്റേഷന് മുമ്പുള്ള കനാലിന് കുറുകെയുള്ള പാലത്തിലെത്തിയപ്പോള്‍ മൃതദേഹം വലിച്ചെറിഞ്ഞു. എന്നാല്‍ കനാലില്‍ വീഴാതെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം വീഴുകയായിരുന്നു.

മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സുനിതയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ഇതിന് പിന്നാലെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുനിതയ്ക്ക് കിരണ്‍ ഉള്‍പ്പെടെ അഞ്ച് കുട്ടികളുണ്ട്. ഇവര്‍ രണ്ട് പെണ്‍മക്കള്‍ക്കും സണ്ണിക്കും ഒപ്പം ശാസ്ത്രി നഗറിലായിരുന്നു താമസം. മറ്റ് മൂന്ന് കുട്ടികള്‍ പിതാവിനൊപ്പമാണ്.

Post a Comment

Previous Post Next Post