ജാമിയ മിലിയയിൽ ബിബിസി ഡോക്യുമെന്ററി പ്രതിഷേധത്തിനിടെ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

(www.kl14onlinenews.com)
(26-Jan-2023)


ജാമിയ മിലിയയിൽ ബിബിസി ഡോക്യുമെന്ററി പ്രതിഷേധത്തിനിടെ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുന്നതിനെതിരെ ജാമിയ മിലിയയിൽ പ്രതിഷേധിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു. പ്രദർശനം തടയാനായി വിദ്യാർത്ഥി സംഘടനാ നേതാക്കളെ കരുതൽ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. എസ്എഫ്ഐ, എൻഎസ് യുഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാർത്ഥികളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. റിപബ്ലിക ദിന സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഇവരെ ഇന്നുച്ചവരെ കസ്റ്റഡിയിൽ വെച്ചത്.

ജാമിയയിൽ പ്രദർശനം തടയാൻ സർവകലാശാലയ്ക്ക് സാധിച്ചു എന്നും, സർവകലാശാലയ്ക്ക് പുറത്തുണ്ടായ നേരിയ പ്രതിഷേധം ഊതിപെരുപ്പിക്കുകയാണെന്നും ജാമിയ വൈസ് ചാൻസലർ നജ്മ അക്തർ അറിയിച്ചു. അതേസമയം കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ജെഎൻയുവിൽ പ്രദർശനത്തിനിടെ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം ഇന്നലെ പുറത്തിറങ്ങിയതോടെ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡോക്യുമെന്ററി ചർച്ചയാണെങ്കിലും ഇതുവരെ കേന്ദ്രസർക്കാർ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

Post a Comment

Previous Post Next Post