ഫിറോസിന്റെ അറസ്റ്റ്: മുഖ്യമന്ത്രി ഭീരുവാണെന്ന് സുധാകരന്‍

(www.kl14onlinenews.com)
(23-Jan-2023)

ഫിറോസിന്റെ അറസ്റ്റ്: മുഖ്യമന്ത്രി ഭീരുവാണെന്ന് സുധാകരന്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എതിരെ ശബ്ദമുയര്‍ത്തുന്ന യുഡിഎഫിന്റെ യുവനേതാക്കളെ അടിച്ചമര്‍ത്താന്‍ ഇത് ചൈനയും കൊറിയയും ഒന്നുമല്ല. സിപിഐഎം മുസ്ലീം വിരുദ്ധ പ്രസ്ഥാനമാണെന്നും ജനകീയ പ്രക്ഷോഭങ്ങളെ ഏകാധിപത്യ ശൈലിയില്‍ അടിച്ചമര്‍ത്തുന്നത് പൊതുസമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷക്കേസിലെ പ്രതിയായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പി കെ ഫിറോസിന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. അഴിമതി ഭരണത്തിനെതിരെ തെരുവില്‍ സമരം ചെയ്യുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്യുകയായിരുന്നു കെ സുധാകരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ സുധാകരന്റെ പ്രതികരണം.

സിപിഐഎം എന്ന പാര്‍ട്ടി അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ കേരളത്തില്‍ മുസ്ലീം വേട്ട നടന്നിട്ടുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചു. പിണറായി വിജയന്റെ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെയെല്ലാം ഇരുമ്പഴിക്കുള്ളില്‍ ആക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്നതിന്റെ പേരില്‍ അദ്ദേഹം നടത്തുന്ന കൊള്ളകള്‍ക്കെതിരെ, അദ്ദേഹത്തിന്റെ കെടുകാര്യസ്ഥതകള്‍ക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതികരിക്കരുത് എന്ന് പറയാനുള്ള അവകാശം ആര്‍ക്കാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അടിമുടി അഴിമതി നിറഞ്ഞ സിപിഐഎം ഭരണത്തിനെതിരെ മിണ്ടാതിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പോലെ പിണറായി വിജയന്റെ അടിമകളല്ല എന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post