സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയായ സഹപ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു

(www.kl14onlinenews.com)
(23-Jan-2023)

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയായ സഹപ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു
ജുബൈൽ: സൗദിയിൽ ജോലികഴിഞ്ഞ്​ താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ, പ്രതിയായ സഹപ്രവർത്തകൻ തമിഴ്നാട് സ്വദേശി മഹേഷ് (45) ജീവനൊടുക്കാൻ ശ്രമിച്ചു.

ജുബൈലിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിച്ചു.

പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.

മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. തമിഴ്നാട് ചെന്നൈ സ്വദേശിയായ മഹേഷ് അഞ്ചു വർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുകയാണ്. ഒരാഴ്ചയായി ഇയാൾക്ക് രക്ത സമ്മർദം അധികരിക്കുകയും ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാൾ കൂടി ഇവരുടെ മുറിയിൽ താമസിക്കുന്നുണ്ട്. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നു

താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെൺമക്കളുണ്ട്. കമ്പനി അധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈൽ ജനറൽ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നു.


Post a Comment

Previous Post Next Post