'അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍, പിന്മാറില്ല'; പി കെ ഫിറോസ്

(www.kl14onlinenews.com)
(23-Jan-2023)

'അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍, പിന്മാറില്ല'; പി കെ ഫിറോസ്
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. അറസ്റ്റ് ചെയ്താലും പിന്മാറുകയില്ലെന്നും സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് പി കെ ഫിറോസിനെയും 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്.

പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫിറോസിന് ജാമ്യം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജനകീയ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അറസ്റ്റിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അനാവശ്യ പ്രകോപനം ഉണ്ടാക്കിയതും മാനദണ്ഡങ്ങള്‍ പാലിക്കാതെ ടിയര്‍ ഗ്യാസും ലാത്തി ചാര്‍ജും പ്രയോഗിച്ചത് പൊലീസാണെന്നും നജീപ് കാന്തപുരം പറഞ്ഞു.

Post a Comment

Previous Post Next Post