അവസാന ഓവർ വരെ ആവേശം; ഹൈദരാബാദിൽ ഇന്ത്യയുടെ ആന്റി ക്ലൈമാക്‌സ്; ജയം പിടിച്ചെടുത്തു

(www.kl14onlinenews.com)
(18-Jan-2023)

അവസാന ഓവർ വരെ ആവേശം;
ഹൈദരാബാദിൽ ഇന്ത്യയുടെ ആന്റി ക്ലൈമാക്‌സ്; ജയം പിടിച്ചെടുത്തു
ഹൈദരാബാദ് :
അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിന് ഒടുവിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 12 റൺസിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ന്യൂസിലാൻഡ് താരം മിച്ചൽ ബ്രേസ്‌വെൽ ഇന്ത്യയെ വെള്ളം കുടിപ്പിച്ചു.

സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയ താരം വാലറ്റത്തെ കൂട്ടുപിടിച്ച് അവരെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നലുണ്ടാക്കിയെങ്കിലും അവസാന ഓവറിൽ പൊരുതി വീണു. വെറും 78 പന്തിൽ 140 റൺസ് നേടിയ ബ്രേസ്‌വെൽ പത്ത് സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ ശാർദുൽ താക്കൂർ ബ്രേസ്‌വെല്ലിനെ പുറത്താക്കുംവരെ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുടെ നിമിഷങ്ങളായിരുന്നു.

ബ്രേസ്‌വെല്ലിനും, അർധസെഞ്ചുറി നേടിയ സാന്റ്നർക്കും ഒഴികെ ന്യൂസിലാൻഡ് നിരയിൽ മറ്റാർക്കും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകൾ വീഴ്ത്തി. മറ്റ് ബൗളർമാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല.

ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് വേണ്ടി യുവതാരം ശുഭ്മാൻ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഗില്ലിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് 349 എന്ന സ്കോറിലേക്ക് എത്തിയത്. ജനുവരി 21ന് റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക.

ശുഭ്മാനല്ല, ഇത് സൂപ്പർമാൻ; ഇരട്ട സെഞ്ചുറിയിൽ ചരിത്രമെഴുതി ഗിൽ
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ബുധനാഴ്‌ച ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ പിറന്നത് പുതുചരിത്രം. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന നേട്ടം ശുഭ്മാൻ ഗിൽ സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവർക്ക് ശേഷം ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ.

നേരത്തെ കഴിഞ്ഞ ഡിസംബർ 10നാണ് ഇഷാൻ കിഷൻ, ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിൾ സെഞ്ചുറിയുടെ ഉടമയായത്. എന്നാൽ 23 വയസും 132 ദിവസവും പ്രായമുള്ള ഗിൽ, ബാറ്റിങ്ങിനെ പിന്തുണയ്ക്കാത്ത പിച്ചിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ കിഷന്റെ റെക്കോർഡിന് 1 മാസവും 8 ദിവസവും മാത്രമായി ആയുസ്. അതേസമയം, ഏകദിനത്തിൽ 3 ഇരട്ട സെഞ്ചുറികൾ നേടിയ ഏക ബാറ്ററായ രോഹിത് ശർമ്മ ഇന്ന് 38 പന്തിൽ 34 റൺസെടുത്ത് പുറത്താകുന്നതിന് മുൻപ് ഫോമിന്റെ മിന്നലാട്ടം കാണിച്ചു.

നേരത്തെ കഴിഞ്ഞ ഡിസംബർ 10നാണ് ഇഷാൻ കിഷൻ, ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിൾ സെഞ്ചുറിയുടെ ഉടമയായത്. എന്നാൽ 23 വയസും 132 ദിവസവും പ്രായമുള്ള ഗിൽ, ബാറ്റിങ്ങിനെ പിന്തുണയ്ക്കാത്ത പിച്ചിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ കിഷന്റെ റെക്കോർഡിന് 1 മാസവും 8 ദിവസവും മാത്രമായി ആയുസ്. അതേസമയം, ഏകദിനത്തിൽ 3 ഇരട്ട സെഞ്ചുറികൾ നേടിയ ഏക ബാറ്ററായ രോഹിത് ശർമ്മ ഇന്ന് 38 പന്തിൽ 34 റൺസെടുത്ത് പുറത്താകുന്നതിന് മുൻപ് ഫോമിന്റെ മിന്നലാട്ടം കാണിച്ചു.
4 ഏകദിനങ്ങളിൽ നിന്ന് 3 സെഞ്ചുറികളുടെ പെരുമയുമായെത്തിയ വിരാട് കോഹ്‌ലിയാവട്ടെ മിച്ചൽ സാന്റ്നറുടെ ഇടങ്കയ്യൻ സ്‌പിന്നിൽ വീണു. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയിൽ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്ന ഇഷാൻ കിഷന് 14 പന്തിൽ 5 റൺസ് മാത്രമാണ് നേടാനായത്. സൂര്യകുമാർ യാദവ് 31 റൺസുമായി ഗില്ലിന് പിന്തുണ നൽകി.

കഴിഞ്ഞ ഞായറാഴ്‌ച ശുഭ്‌മാൻ ഗിൽ ശ്രീലങ്കയ്ക്ക് എതിരെ തന്റെ രണ്ടാമത്തെ ഏകദിന സെഞ്ച്വറി നേടിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, ഗിൽ തന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയിലേക്കുള്ള യാത്രയിൽ ചില മനോഹരമായ ഷോട്ടുകൾ കളിച്ചു.

മുൻനിര മടങ്ങിയതോടെ ഹർദിക് പാണ്ട്യയുമായി ഒത്തുചേർന്ന് ഗിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്‌ടമായത് തിരിച്ചടിയായി. എന്നാൽ അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരുന്ന ഗില്ലിനെ ഇത് ബാധിച്ചില്ല. 2018ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഗിൽ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർതാരമായി ഉയർന്നുവരുമെന്ന് കാണാക്കപ്പെടുന്ന താരമാണ്.

തന്റെ 19-ാം ഏകദിന ഇന്നിംഗ്‌സിൽ തന്നെ ശുഭ്‌മാൻ ഗിൽ ഒരു പരിചയസമ്പന്നനെ പോലെയാണ് ബാറ്റ് വീശിയത്. ഇതിനിടെ വിരാട് കോഹ്‌ലിയും ശിഖർ ധവാനും വർഷങ്ങളോളമായി കൈയടക്കി വച്ചിരുന്ന വേഗമേറിയ 1000 ഏകദിന റൺസ് എന്ന ഇന്ത്യൻ റെക്കോർഡും അദ്ദേഹം തകർത്തു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായും ഗിൽ മാറി.

149 പന്തിൽ 208 റൺസെടുത്ത ശുഭ്മാൻ ഗിൽ ഹെൻറി ഷിപ്പിന് മുന്നിൽ വീണെങ്കിലും, ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 349 റൺസ് എന്ന സ്കോറിലേക്ക് എത്തി. ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ നാലാമത്തെ ഉയർന്ന സ്‌കോറാണ് ഇത്.

ആകസ്‌മികമെന്ന് പറയട്ടെ ന്യൂസിലൻഡിനെതിരെയാണ് ശുഭ്മാൻ ഗിൽ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്, അതേ എതിരാളികൾക്കെതിരെയാണ് താരം ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ഇന്ത്യൻ റെക്കോർഡ് തകർത്തതെന്ന പ്രത്യേകതയുമുണ്ട്. അരങ്ങേറ്റത്തിന് ശേഷം ആദ്യ രണ്ട് മത്സരങ്ങളിൽ 9, 7 എന്നീ സ്കോറുകളിൽ പുറത്തായ ശേഷം ശുഭ്മാൻ ഗില്ലിന് തലയുയർത്തി നിൽക്കാൻ അൽപ്പം കാത്തിരിക്കേണ്ടി വന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ മൂന്നാം ഏകദിനം കളിച്ച അദ്ദേഹം കാൻബെറയിൽ 33 റൺസ് നേടിയിട്ടും ഫോമിലേക്ക് ഉയർന്നില്ല.

എന്നാൽ കഴിഞ്ഞ വർഷം വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തിയ ശേഷം ഗില്ലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 64, 43, 98* എന്നിങ്ങനെയായിരുന്നു പരമ്പരയിലെ ഗില്ലിന്റെ സ്‌കോറുകൾ. ഇതിന് ശേഷം സിംബാബ്‌വെയ്ക്ക് എതിരെ 82, 33, 130 എന്നീ സ്കോറുകളുമായി താരം സ്ഥാനമുറപ്പിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ ഗില്ലിന് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറുകൾ നേടാനായില്ല.

ശ്രീലങ്കയ്‌ക്കെതിരെ ഒരു സെഞ്ചുറിയും, അർധ സെഞ്ചുറിയും (70, 21 & 116) നേടിയ ഗിൽ 2023ലെ തുടക്കം ഡബിൾ സെഞ്ചുറിയോടെ ഗംഭീരമാക്കി. ഈ വർഷം ഏകദിന ലോകകപ്പ് നടക്കനിരിക്കെ ഗില്ലിന്റെ ഫോം ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ആവർത്തിച്ചുള്ള പരാജയങ്ങൾക്ക് ശേഷം ശിഖർ ധവാൻ പുറത്തായ ശേഷം രോഹിത് ശർമ്മയ്ക്കൊപ്പം ഒരു ശക്തമായ ഓപ്പണറെ തേടുന്ന ഇന്ത്യയ്ക്ക് ഗിൽ പ്രതീക്ഷ നൽകുകയാണ്.

ബംഗ്ലാദേശിൽ 210 റൺസ് എന്ന റെക്കോർഡ് നേടിയിട്ടും ഇഷാൻ കിഷനെ പുറത്തിരുത്താനുള്ള ബോർഡിന്റെ തീരുമാനത്തെ ശരിവച്ച ഗില്ലിന്റെ പ്രകടനം ആശ്വാസ്യകരമാണ്. ന്യൂസിലൻഡിന് എതിരായ ഡബിൾ സെഞ്ചുറിയോടെ ഗിൽ മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തു. ഇതോടെ വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ പിറന്ന ഏറ്റവും മികച്ച യുവ ഏകദിന ബാറ്റർ ശുഭ്‌മാൻ ഗില്ലാണ് എന്നതിൽ തർക്കമില്ലാതായി

Post a Comment

Previous Post Next Post