ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്: കേന്ദ്രനടപടി ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയില്‍

(www.kl14onlinenews.com)
(30-Jan-2023)

ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്: കേന്ദ്രനടപടി ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയില്‍
ഡൽഹി :
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. പൊതുതാല്‍പര്യ ഹര്‍ജികള്‍ അടിയന്തരമായി പട്ടികപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം എല്‍ ശര്‍മയും മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ്ങും നടത്തിയ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടു.

'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്റെറിയുടെ നിരോധനം ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം എല്‍ ശര്‍മ്മയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.

എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ്, കേന്ദ്രത്തിന്റെ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റുകള്‍ എങ്ങനെയാണ് ഇല്ലാതാക്കിയെന്നതിനെക്കുറിച്ച് പരാമര്‍ശിച്ചു. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് അജ്മീറിലെ വിദ്യാര്‍ത്ഥികളെ നാടുകടത്തിയതായും അദ്ദേഹം പറഞ്ഞു. കേസ് പട്ടികപ്പെടുത്തുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞിരിക്കുന്നത്.

ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും അടുത്തിടെ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തതായും സിങ് അറിയിച്ചു. ഡോക്യുമെന്ററി വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ലെന്നും എന്നാൽ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന പ്രദർശനം തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post