(www.kl14onlinenews.com)
(06-Jan-2023)
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ മൂത്രമൊഴിച്ച സംഭവം; മുംബൈ വ്യവസായിക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ മുംബൈ വ്യവസായിയ്ക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. വ്യവസായിയായ ശേഖര്‍ മിശ്രയാണ് യുവതിക്ക് നേരേ അതിക്രമം നടത്തിയതെന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കാത്തതിനാലും ആശയവിനിമയം നടത്താത്തതിനാലുമാണ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. ശേഖര്‍ മിശ്രയെ പിടികൂടാന്‍ പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക സ്വദേശിയാണ് പരാതിക്കാരി.
വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത യാത്രക്കാരന് 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത വനിത എയര്‍ ഇന്ത്യ വിമാനത്തില്‍ നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എയര്‍ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാന്‍ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേ സമയം പാരീസ്- ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം ഉണ്ടായതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ യാത്രക്കാരിയുടെ പുതപ്പിലാണ് മദ്യ ലഹരിയിലായിരുന്ന യാത്രക്കാരന്‍ മൂത്രമൊഴിച്ചത്. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. എന്നാല്‍ പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്‍കിയതിനാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ ആറിന് രാവിലെ 9.40ന് പാരീസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്. പൈലറ്റടക്കം ഈ വിമാനത്തില്‍ 143 ആളുകളുണ്ടായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
Post a Comment