രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണം: കാന്തപുരം

(www.kl14onlinenews.com)
(28-Jan-2023)

രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണം: കാന്തപുരം
കോഴിക്കോട്: രാജ്യത്തിന്റെ സമാധാനത്തിനും, പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് സ്വപ്ന നഗരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ പ്രവർത്തിക്കണം. തീവ്രവാദവും, ഭീകരവാദവും ഒന്നിനും പരിഹാരമല്ല അത്തരം വിധ്വംസക പ്രവർത്തനങ്ങളല്ല വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാർത്ഥികളിൽ നിന്നുണ്ടാകേണ്ടത്. സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുൻഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ. വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന: സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ, ടി കെ അബ്ദുർറഹ്മാൻ ബാഖവി, ജാബിർ സഖാഫി പാലക്കാട് സംബന്ധിച്ചു. രിസാലയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ കർണാടക മുൻ മന്ത്രി യു.ടി ഖാദറിന് നൽകി നിർവ്വഹിച്ചു. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, ഹജജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സി.എൻ ജഅ്ഫർ സംസാരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, സംഘടന എന്നീ ആറു മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ നടക്കുന്നത്. 17 സെഷനുകളിലായി 50 പ്രമുഖരാണ് സംബന്ധിക്കുന്നത്.

പടം: എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി അന്‍പതാം വാര്‍ഷിക പ്രതിനിധി സമ്മേളന ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്നു

Post a Comment

Previous Post Next Post