അന്വേഷണവും സുരക്ഷയും ഉറപ്പ്; ലൈംഗികാതിക്രമക്കേസില്‍ സര്‍ക്കാരുമായി ‘ഗുസ്തി’ ജയിച്ച് താരങ്ങള്‍

(www.kl14onlinenews.com)
(22-Jan-2023)

അന്വേഷണവും സുരക്ഷയും ഉറപ്പ്; ലൈംഗികാതിക്രമക്കേസില്‍ സര്‍ക്കാരുമായി ‘ഗുസ്തി’ ജയിച്ച് താരങ്ങള്‍
ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ ഒരു അന്വേഷണ ഉത്തരവ് കൊണ്ടു മാത്രം പ്രതിഷേധം അവസാനിപ്പിക്കാനാകില്ല എന്ന ഗുസ്തി താരങ്ങളുടെ നിലപാടിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു കായിക മന്ത്രാലയത്തിന്. ഒടുവില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് സ്ഥാനം ഒഴിയേണ്ട സാഹചര്യമുണ്ടായി.

റിപ്പബ്ലിക് ദിനത്തിന് അഞ്ച് ദിവസം ശേഷിക്കെ പ്രതിഷേധം നീട്ടരുതെന്ന് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായിരുന്നു. “ഇത് ഇന്ത്യയുടെ ജി-20 പ്രസിഡൻസി വർഷമാണ്. പ്രധാനമന്ത്രി മുതൽ എല്ലാവർക്കും രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ബോധമുണ്ട്. പ്രതിഷേധങ്ങൾ തുടരാൻ ഉന്നത നേതൃത്വം ആഗ്രഹിച്ചില്ല. ഇത് ലൈംഗിക പീഡന ആരോപണമായതിനാൽ, പ്രതിക്ക് മുന്നില്‍ സാധ്യതകള്‍ കുറവായിരുന്നു,” പാര്‍ട്ടി നേതൃത്വം പറഞ്ഞു.

അതിനാല്‍ തന്നെ വളരെ സൂക്ഷ്മമായാണ് സംഭവത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായത്. വെള്ളിയാഴ്ച രാത്രിവരെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയുമായും കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായും ചര്‍ച്ചകള്‍ നടന്നു. ഹിമാചല്‍ സന്ദര്‍ശനം ഒഴിവാക്കിയാണ് മന്ത്രി ഡല്‍ഹിയിലെത്തിയത്.

സിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് മൂന്ന് ദിവസത്തെ സമരം ഗുസ്തി താരങ്ങള്‍ അവസാനിപ്പിച്ചതെന്നാണ് ദി ഇന്ത്യൻ എക്‌സ്പ്രസിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താരങ്ങള്‍ക്ക് സുരക്ഷയും ഉറപ്പ് നല്‍കിയിട്ടുണ്ട്.

കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തിരുന്നു. കേന്ദ്രമന്ത്രിയുമായുള്ള ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് രണ്ട് ദിവസത്തിന് ശേഷമാണ് നടപടിയുണ്ടായത്. ഏഴ് മണിക്കൂറോളമാണ് ചര്‍ച്ച നീണ്ടത്.

“മുമ്പ് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിൽ നിന്ന് ഭീഷണി നേരിട്ടിട്ടുള്ളതിനാല്‍ ഞങ്ങൾക്ക് സുരക്ഷയും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്,” ബജ്റംഗ് വ്യക്തമാക്കി.

ഫെഡറേഷനെയും അതിന്റെ മേധാവിയെയും അപകീർത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയാണ് പ്രതിഷേധമെന്ന് ഡബ്ല്യുഎഫ്‌ഐ ജനറൽ സെക്രട്ടറി വിഎൻ പ്രസൂദ് ആരോപിച്ചു.

അന്വേഷണത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് ശരിയായ നടപടിയാണ്. സമിതിയുമായി പൂർണമായി സഹകരിക്കും. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അതിനാൽ, ഞാൻ നിരപരാധിയായി പ്രഖ്യാപിക്കപ്പെടുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്,” ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

Post a Comment

Previous Post Next Post