20 കോടിയുടെ നിക്ഷേപതട്ടിപ്പ്; സിനിമാതാരങ്ങളുടെ വിശ്വസ്തൻ സ്വാതി റഹീം തട്ടിപ്പ് കേസിൽ അറസ്റ്റിൽ

(www.kl14onlinenews.com)
(22-Jan-2023)

20 കോടിയുടെ നിക്ഷേപതട്ടിപ്പ്; സിനിമാതാരങ്ങളുടെ വിശ്വസ്തൻ സ്വാതി റഹീം തട്ടിപ്പ് കേസിൽ അറസ്റ്റിൽ
കൊച്ചി: സിനിമാതാരങ്ങളുടെ വിശ്വസ്തനായി അറിയപ്പെടുന്ന തൃശൂർ സ്വദേശി സ്വാതി റഹിം പണതട്ടിപ്പ് കേസിൽ അറസ്റ്റിലായി. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നതാണ് ഇയാൾക്കെതിരായ കേസ്. തൃശൂർ ഈസ്റ്റ് പൊലീസ് സിഐ ലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും ഇയാൾ തട്ടിപ്പു നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നിക്ഷേപകർക്ക് പ്രതിമാസം ആകർഷകമായ റിട്ടേൺ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. എന്നാൽ നിക്ഷേപകർക്ക് ലാഭം കിട്ടാതെയായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്വാതി റഹിമിന്റെ പേരിൽ നിരവധി പരാതികളായിരുന്നു വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഉള്ളത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകളുണ്ട്. ഇതിൽ പല കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കാനും സ്വാതി റഹിം ശ്രമിച്ചിരുന്നു.

വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ഓൺലൈനായി ലേലം വിളിച്ച് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് ഇയാൾ ആദ്യം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ഈ സംരഭം പരാജയപ്പെട്ടു. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് പ്രഖ്യാപിച്ചാണ് ഇയാൾ ആപ്പ് തുടങ്ങിയത്. പരസ്യത്തിനായി വൻതുകകൾ മുടക്കി. നടൻ ജയസൂര്യയായിരുന്നു പ്രധാന ബ്രാൻഡ് അംബാസഡർ. ജയസൂര്യയ്ക്ക് സ്വാതി റഹിം രണ്ടു കോടി രൂപ നൽകാനുണ്ടെന്നും പറയുന്നു. മഞ്ജുവാര്യർ, ബോബി ചെമ്മണ്ണൂർ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാൾ നിക്ഷേപകരുടെ വിശ്വാസം നേടി.

നിരവധി സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് പരിപാടി ഇയാൾ തൃശൂരിൽ സംഘടിപ്പിച്ചിരുന്നു. നിക്ഷേപകരെ ആകർഷിക്കാൻ ഈ പരിപാടിയിലൂടെ ഇയാൾക്ക് കഴിഞ്ഞിരുന്നു. സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങൾക്ക് സമ്മാനമായി നൽകിയ ഐഫോണുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു

Post a Comment

Previous Post Next Post