ബിബിസി ഡോക്യുമെന്ററി പ്രദർശനം: സംസ്ഥാനത്ത് പലയിടത്തും സംഘർഷം

(www.kl14onlinenews.com)
(25-Jan-2023)

ബിബിസി ഡോക്യുമെന്ററി പ്രദർശനം: സംസ്ഥാനത്ത് പലയിടത്തും സംഘർഷം
കോഴിക്കോട്/കോട്ടയം/ തിരുവനന്തപുരം:
നരേന്ദ്ര മോദിക്കെതിരായ വിവാദ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദർശനം സംസ്ഥാനത്ത് പലയിടത്തും സംഘർഷത്തിലേക്ക് നയിച്ചു. കോഴിക്കോട് ബീച്ചിൽ ഫ്രറ്റേണിറ്റി നടത്തിയ പ്രദർശനത്തിന് ഇടയിലും, കോട്ടയം ജില്ലയിലെ വൈക്കത്ത് ഡിവൈഎഫ്ഐ നടത്തിയ പരിപാടിയും, തിരുവനന്തപുരം വെള്ളായണിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പരിപാടിയും സംഘർഷത്തിൽ കലാശിച്ചു.

കോഴിക്കോട് ബീച്ചിൽ ഫ്രറ്റേർണിറ്റി പരിപാടി പ്രഖ്യാപിച്ചെങ്കിലും പോലീസ് അനുമതി നൽകിയിരുന്നില്ല. പൊതുസ്ഥലമായതിനാലാണ് അനുമതി നൽകാതിരുന്നതെന്ന് പോലീസ് പറഞ്ഞു. പരിപാടി നടത്തുമെന്ന് പറഞ്ഞ സമയത്തിന് മുൻപ് തന്നെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായി സംഘാടകരെത്തിയപ്പോൾ പോലീസ് തടഞ്ഞു. ഇവർ കൊണ്ടുവന്ന ഉപകരണങ്ങൾ അടക്കം പോലീസ് കസ്‌റ്റഡിയിലെടുത്തു. തുടർന്ന് എല്ലാ പ്രവർത്തകരെയും അറസ്‌റ്റ് ചെയ്തത് നീക്കുകയുമായിരുന്നു.

കോട്ടയം ജില്ലയിൽ വൈക്കത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡോക്യുമെന്ററിയുടെ പ്രദർശനം നിശ്ചയിച്ചത്. എന്നാൽ പ്രദർശനം തടയാൻ ബിജെപി പ്രവർത്തകരെത്തിയത് സംഘർഷത്തിന് ഇടയാക്കി. പരിപാടിക്ക് പോലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും ബിജെപി പ്രവർത്തകർ എത്തിയതോടെ ഉന്തും തള്ളുമായി.

തിരുവനന്തപുരം വെള്ളായണി ജംഗ്ഷനിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ബിബിസി ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരുന്നത്. യുവമോർച്ച പ്രവർത്തകരാണ് ഇവിടേക്ക് പ്രതിഷേധവുമായി വന്നത്. സംഘർഷ സാധ്യത മുന്നിൽകണ്ട പോലീസ് നേരത്തെ ഇവിടെ നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ യുവമോർച്ചാ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post