റിപ്പബ്ലിക് ദിനാഘോഷം; ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥി, തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

(www.kl14onlinenews.com)
(26-Jan-2023)

റിപ്പബ്ലിക് ദിനാഘോഷം; ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥി, തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി
ഡൽഹി :
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നിന്നാരംഭിക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി
പ്രസിഡന്റ് ദ്രൗപതി മുര്‍മു രാജ്യത്തെ നയിക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് എല്‍ സിസി പരേഡില്‍ മുഖ്യാതിഥിയാകും. ഇന്ത്യയും ഈജിപ്തും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75 വര്‍ഷവും ഇക്കൊല്ലം ആഘോഷിക്കുകയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ഒരു സൈനിക സംഘം മറ്റ് ഇന്ത്യന്‍ സംഘങ്ങള്‍ക്കൊപ്പം രാജ്പഥില്‍ മാര്‍ച്ച് ചെയ്യും.

രാവിലെ 10:30 ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ പ്രകടനവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളുമുണ്ടാകും.65,000 ത്തോളം ആളുകള്‍ പരേഡിന് സാക്ഷ്യം വഹിക്കും. ഇതിനായി അവര്‍ക്ക് ക്യൂ ആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യാം. ജനുവരി 26ന് നടക്കുന്ന പരേഡിന് ഡല്‍ഹി പോലീസിന് പുറമെ അര്‍ദ്ധസൈനിക വിഭാഗവും എന്‍എസ്ജിയും ഉള്‍പ്പെടുന്ന ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 150 ഓളം സിസിടിവി ക്യാമറകളുടെ സഹായത്തോടെ കര്‍ത്തവ്യപഥ് നിരീക്ഷിക്കും.

എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം, ചരിത്രവും പ്രാധാന്യവും അറിയാം
രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. നാം എല്ലാ വര്‍ഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.

റിപ്പബ്ളിക് ദിനം രാജ്യമൊട്ടാകെ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. സ്‌കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദമുള്ള ദിനമാണത്. വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ അന്ന് ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുന്നു. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിവസം നമ്മെ ഒരുമിച്ച് ചേര്‍ക്കുന്നു.

പക്ഷേ റിപ്പബ്ലിക് ദിനം ജനുവരി 26 എന്ന ദിനം ആകസ്മികമായി വന്നു ചേര്‍ന്നതല്ല. അതിനൊരു ചരിത്രമുണ്ട് . സ്വരാജ് അല്ലെങ്കില്‍ സ്വയംഭരണത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ജനുവരി 26 ന് വലിയ പ്രാധാന്യമാണുള്ളത്. 1929 ഡിസംബര്‍ 29-ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമാണ് പൂര്‍ണ സ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചു. അങ്ങനെ 1930 ജനുവരി 26-നാണ് ആദ്യമായി സമ്പൂര്‍ണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. 1947 വരെ ഇത് ആചരിച്ചു. പിന്നീട് ബ്രിട്ടീഷുകാര്‍ അധികാരം വച്ചൊഴിഞ്ഞ ഓഗസ്റ്റ് 15 നമ്മുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാന്‍ തുടങ്ങി.

1947 ഓഗസ്റ്റ് 15 ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. കോളനി ഭരണം ഒഴിഞ്ഞു. ഭരണ നേതൃത്വം ഇന്ത്യാക്കാര്‍ക്കു തന്നെ ലഭിച്ചെങ്കിലും അത് സമ്പൂര്‍ണ്ണമായിരുന്നില്ല. കാരണം സ്വതന്ത്ര ഇന്ത്യയുടെ ഭരണനിര്‍വ്വഹണത്തിനായി ഒരു ഭരണഘടന ഉണ്ടായിരുന്നില്ല. 1947 മുതല്‍ 1950 വരെയുള്ള കൈമാറ്റ കാലയളവില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണഘടന എഴുതിയുണ്ടാക്കുന്ന ബൃഹദ് ദൗത്യം ഡോ. ബി ആര്‍ അംബദ്കര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയെ ഏല്‍പ്പിച്ചു.


അങ്ങനെ ഭരണഘടനയുടെ ആദ്യ രൂപം 1947 നവംബര്‍ 4-ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ളിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനാ ചര്‍ച്ചകള്‍ക്ക്  അസംബ്ലി തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മേളിച്ചു. ഒടുവില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും അവസാനം 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടന അസംബ്ലി അംഗീകരിച്ചു. 1950 ജനുവരി 24-നാണ് ഭരണഘടനയുടെ ലിഖിത രൂപത്തിന് അസംബ്ളി അംഗീകാരം നല്‍കുന്നത്. അതനുസരിച്ച് ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് 1950 ജനുവരി 26-ന് ഒപ്പിട്ടു. അങ്ങനെ ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രപദവിയിലേക്ക് ഉയര്‍ന്നു. ഈ ദിവസത്തിന്റെ ഓര്‍മമയും പ്രാധാന്യവും നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നു.

ദേശീയ പതാക ഉയര്‍ത്തി, രാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യു വരിച്ച രക്തസാക്ഷികള്‍ക്ക് രാഷ്ട്രപതി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ആരംഭിക്കുന്ന പരേഡില്‍ രാജ്യത്തിന്റെ അഭിമാനവും സമ്പന്നവും വൈവിധ്യവുമായ  സാംസ്‌ക്കാരിക തനിമകള്‍ പ്രദര്‍ശിക്കപ്പെടും. രാഷ്ട്രപതിഭവനു സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷയാത്ര.

കര-നാവിക- വ്യോമ സേനകള്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തും. ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കും. ഒപ്പം അര്‍ദ്ധ സൈനിക വിഭാഗവും എന്‍ സി സി , ഗൈഡ്സും പരേഡില്‍ അണിനിരക്കും. ഇന്ത്യയുടെ വൈവിദ്ധ്യം വിളിച്ചോതുന്ന ഒട്ടേറെ ഫ്ലോട്ടുകളും നൃത്തരൂപങ്ങളും അരങ്ങേറും. 

ധീരരായ സൈനികര്‍ക്ക് പരമവീര ചക്ര, അശോക് ചക്ര, വീര്‍ ചക്ര എന്നിവ ചടങ്ങില്‍ സമ്മാനിക്കും അതിപ്രയാസകരമായ സാഹചര്യങ്ങളില്‍ ധൈര്യം കാണിച്ച കുട്ടികളെയും പൗരന്മാരെയും പുരസ്‌കാരങ്ങള്‍ നല്‍കി അംഗീകരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സ്വയംഭരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനവും റിപ്പബ്ളിക് ദിനവും.അഭിമാനിക്കാം, ഈ രാജ്യത്തു പിറക്കാനിടയായതില്‍....ജയ് ഹിന്ദ്


Post a Comment

Previous Post Next Post