'പരിതാപകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്'; ​ഗവർണർ യാഥാർത്ഥ്യത്തെ മറച്ചുപിടിച്ചെന്ന് വി ഡി സതീശൻ

(www.kl14onlinenews.com)
(23-Jan-2023)

'പരിതാപകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്'; ​ഗവർണർ യാഥാർത്ഥ്യത്തെ മറച്ചുപിടിച്ചെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: 15-ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ ​ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസം​ഗം യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ചുളളതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ ഒത്തുതീർപ്പിന്റെ തുടർച്ചയാണ് ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രം എന്ന് പറഞ്ഞിരിക്കുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണിത്. കേരളം കണ്ട ഏറ്റവും പരിതാപകരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ക്ഷേമ പ്രവർത്തനങ്ങൾക്ക് പണമില്ല. ഏറ്റവും നല്ല പൊലീസ് എന്ന് നയപ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നു. പൊലീസും അതിന്റെ ചരിത്രത്തിലെ ഏറ്റവും വഷളായ രീതിയിലാണുള്ളത്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നു. സെക്രട്ടറിയേറ്റിൽ പോലും അംഗീകൃത മാധ്യമപ്രവർത്തകർക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. ഈ യാഥാർഥ്യങ്ങളെയെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ​ഗവർണറുടെ നയപ്രഖ്യാപനം. ഏറ്റവും മോശമായ നയപ്രഖ്യാപനം എന്ന് ചരിത്രത്തിൽ ഇത് രേഖപ്പെടുത്തുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
രണ്ടാം പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം തുടങ്ങിയത്. സംസ്ഥാനം മികച്ച സാമ്പത്തിക വളർച്ച നേടി. സുസ്ഥിര വികസനത്തിൽ നിതി ആയോഗ് പട്ടികയിൽ കേരളം മുന്നിൽ. ആർബി ഐയുടെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയ സംസ്ഥാനമാണ്. 2023 ലെ ബജറ്റിലൂടെ കാർഷിക മേഖലയെ നവീകരിക്കും. മത്സ്യമേഖലയ്ക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണ്. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കും. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി തുടരുന്നതിനാണ് ശ്രമം. സർക്കാർ ആശുപത്രികളിൽ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കി. സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കും. ഇം​ഗ്ലീഷ് വിദ്യാഭ്യാസത്തിന് മുൻ​ഗണന നൽകും. സ്വതന്ത്ര മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്നു. മതേതരത്വവും മതസൗഹാർദ്ദവും സംരക്ഷിക്കും. സ്വതന്ത്ര മാധ്യമ പ്രവർത്തനവും സംരക്ഷിക്കുമെന്നും ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാരിനെതിരേയും നയപ്രഖ്യാപന പ്രസം​ഗത്തിൽ വിമർശനമുയർന്നു. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും വേണം. ജനങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. കട പരിധി നിയന്ത്രിക്കാനുളള ശ്രമം വികസനത്തിന് തടയിടുന്നു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ​ഗവർണർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post