കേരളവും ജനങ്ങളും കെസിആറിനൊപ്പം; തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ പിണറായി വിജയൻ

(www.kl14onlinenews.com)
(18-Jan-2023)

കേരളവും ജനങ്ങളും കെസിആറിനൊപ്പം; തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ പിണറായി വിജയൻ
ഹൈദരാബാദ്: കേരളവും ഇവിടത്തെ ജനങ്ങളും കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെസി ആറിനെ അഭിനന്ദിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.

തെലങ്കാനയിലെ ഭൂസമരങ്ങൾ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം. ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അവരുണ്ടായിരുന്നില്ല. സ്വതന്ത്ര മതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കാണ് നമ്മുടേത്. കോർപ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോൾ അധികാരത്തിലുള്ളവർ ശ്രമിക്കുന്നത്. ആളുകളെ മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോൾ രാജ്യത്തിന്‍റെ അധികാരത്തിലുള്ളവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു ടാക്സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം – ഇതെല്ലാം ഫെഡറൽ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ കേന്ദ്രം സംസ്ഥാനങ്ങളോട് ആലോചിക്കുന്നത് പോലുമില്ല. ഗവർണറുടെ ഓഫീസ് ഉപയോഗിച്ച് സംസ്ഥാനത്തിന്‍റെ അധികാരത്തിന് മേൽ കുതിര കയറുകയാണ്. ഇതിനുദാഹരണമാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവർണറുടെ ഇടപെടൽ. പാർലമെന്ററി ജനാധിപത്യസംവിധാനം തകർക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിൽ സർക്കാരുകൾ അധികാരത്തിൽ വരുന്നത് ജനസമ്മതി നേടിയാണെന്ന് കേന്ദ്രം ഓർമിക്കണം. നാനാത്വത്തിൽ ഏകത്വമെന്നത് ഇന്ത്യയുടെ അടിസ്ഥാനശിലയാണ്. ഹിന്ദിയെ ദേശീയഭാഷയായി ഉയർത്തിക്കാണിക്കുന്നത് മറ്റ് ഭാഷകളുടെ പ്രാധാന്യം ഇടിക്കുന്നതാണ്, നമ്മുടെ മാതൃഭാഷയും തുല്യപ്രാധാന്യം അർഹിക്കുന്നതാണ്.

കൊളീജിയത്തിലും കടന്നുകയറുകയാണ് കേന്ദ്രം. കൊളീജിയം നിയമനത്തിൽ കേന്ദ്രസർക്കാരിനും പങ്കുണ്ടാകണമെന്നത് ജുഡീഷ്യൽ അധികാരങ്ങൾ തക‍ർക്കുന്നത്. ഇന്ത്യയുടെ ഭാവി അപകടത്തിലാണ്. ഗാന്ധിയെ കൊന്നവരാണ് ഇപ്പോൾ ഭരണത്തിൽ. ഹിന്ദുത്വയും ഹിന്ദുയിസവും ഒന്നല്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ വിറ്റഴിക്കുകയാണ് കേന്ദ്രസർക്കാർ. 65,000 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ മാത്രം പൊതുസ്വത്ത് വിറ്റ് കണ്ടെത്താൻ ലക്ഷ്യമിട്ടത്. കോ‍ർപ്പറേറ്റുകൾ തട്ടിച്ച പണം മാത്രം കൊണ്ട് രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം. രാജ്യത്തിന്‍റെ ജിഡിപി ഇടിയുകയാണ്. വർഗീയ അജണ്ടയ്ക്കെതിരെ ജനം ഒന്നിക്കണം. കേരളത്തിലെ ജനം വ‍ർഗീയതയ്ക്കെതിരെ പോരാടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post